തിരുവനന്തപുരം
കെ വി തോമസിനെതിരെ തിരക്കിട്ട് നടപടിയെടുക്കേണ്ടെന്ന അച്ചടക്കസമിതി നിലപാട് കെപിസിസി നേതൃത്വത്തെ വെട്ടിലാക്കി. ഉടനടി പുറത്താക്കണമെന്ന കെ സുധാകരൻ അടക്കമുള്ള നേതാക്കളുടെ നിലപാടിനോടാണ് എഐസിസി നേതൃത്വം തണുപ്പൻ മട്ടിൽ പ്രതികരിച്ചത്. ഇതോടെ നേതാക്കൾ രണ്ട് തട്ടിലായി.
സുധാകരന്റെ ആക്ഷേപത്തിന് വീറോടെ മറുപടി നൽകി കെ വി തോമസും മുന്നോട്ട് വന്നു. തന്നെ പുറത്താക്കാൻ സുധാകരന് പ്രത്യേക അജൻഡയുണ്ടെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നെന്ന വാദവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ഉമ്മൻചാണ്ടി വ്യക്തമായ പ്രതികരണത്തിന് മുതിർന്നിട്ടുമില്ല. വിശദീകരണം തേടിയശേഷം നടപടി മതിയെന്ന എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ തീരുമാനം സോണിയ ഗാന്ധിയുടെ മനസ്സിലിരിപ്പ് പരിഗണിച്ചാണ്. അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്നും താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നുമുള്ള കെ വി തോമസിന്റെ നിലപാട് നേതൃത്വത്തിന് തള്ളാനാകില്ല.
കെ വി തോമസിന്റെ വിശദീകരണം പരിഗണിച്ചേ സമിതി മുന്നോട്ടുപോകൂ. ഫലത്തിൽ ആറിയ കഞ്ഞി പഴങ്കഞ്ഞിയാകുമെന്ന ആശങ്കയിലാണ് സുധാകരൻ. കടുത്ത നടപടി വേണമെന്ന ആവശ്യം ഇപ്പോൾ സുധാകരന് മാത്രമാണ്. സോണിയ ഗാന്ധി മറിച്ച് തീരുമാനിച്ചാൽ ഒരിക്കൽക്കൂടി ഇളിഭ്യനാകേണ്ടി വരും. പുനഃസംഘടന, രാജ്യസഭാ സീറ്റ് എന്നിവയിൽ ചീഞ്ഞളിഞ്ഞതാണ്. ഡിസിസി ഭാരവാഹി പട്ടിക തയ്യാറാക്കിയെങ്കിലും പുനഃസംഘടന നിർത്താനാണ് ഹൈക്കമാൻഡ് നിർദേശിച്ചത്. എം ലിജുവിന് രാജ്യസഭാ സീറ്റ് നൽകണമെന്ന് ഹൈക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും അത് തള്ളി ജെബി മേത്തർക്കാണ് സീറ്റ് നൽകിയത്. ഇതിലുള്ള അസ്വസ്ഥത സുധാകരൻ അടുപ്പക്കാരോട് പങ്കുവച്ചിരുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് പോകുമെന്നായിരുന്നു സുധാകരൻ പറഞ്ഞത്. കെ വി തോമസിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സോണിയ തീരുമാനിച്ചാൽ കെ സുധാകരൻ എന്ത് നിലപാട് എടുക്കുമെന്നും കണ്ടറിയണം.