ഇസ്ലാമാബാദ്
അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്തായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണച്ച് തെഹ് രികി ഇൻസാഫ് പ്രവർത്തകരുൾപ്പെടെയുള്ളവർ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിൽ. ഇമ്രാനെ തിരികെ വേണമെന്ന് എഴുതിയ പ്ലക്കാർഡുകളുമേന്തി സ്ത്രീകളടക്കം ലക്ഷക്കണക്കിന് ആളുകളാണ് ഇസ്ലാമാബാദ്, പെഷാവർ, ലാഹോർ, കറാച്ചി തുടങ്ങി 12 നഗരത്തിൽ പ്രതിഷേധമുയര്‍ന്നു. ഇമ്രാനെ പുറത്താക്കിയതിനു പിന്നിൽ അമേരിക്കയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ദേശീയസഭയിലും പ്രധാനമന്ത്രിയുടെ ഓഫീസിനും സുരക്ഷ ശക്തമാക്കി. വിമാനത്താവളമടക്കമുള്ള രാജ്യത്തെ മറ്റ് പ്രധാനയിടങ്ങളിലും സൈന്യം സുരക്ഷ ശക്തമാക്കി.
ഇമ്രാനെതിരായ
രാജ്യദ്രോഹ
പരാതി തള്ളി
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉള്‍പ്പെടെയുള്ള മന്ത്രിമാർക്കെതിരെയുള്ള രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. രാജ്യംവിട്ട് പുറത്തുപോകരുതെന്ന പട്ടികയില്‍ ഇവരുടെ പേരുകള്‍ ചേര്‍ക്കണമെന്ന അപേക്ഷയും കോടതി പിന്തുണച്ചില്ല. ഇമ്രാന് ഖാനെ പുറത്താക്കിയ വിദേശ ഗൂഢാലോചന ആരോപണത്തിലും അന്വേഷണം വേണമെന്ന ഹര്‍ജിയും പരിഗണിച്ചില്ല. പരാതിക്കാരനായ മൗലവി ഇഖ്ബാല്‍ ഹൈദറിന് ചീഫ് ജസ്റ്റിസ് അത്തര്‍ മിനല്ലാഹ് ഒരുലക്ഷം രൂപ പിഴയും ചുമത്തി.