ന്യൂഡൽഹി
വ്യത്യസ്ത മാതൃഭാഷയുള്ളവരും നിർബന്ധമായും ഹിന്ദി സംസാരിക്കണമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ മുപ്പത്തേഴാം സിറ്റിങ്ങിലാണ് പരാമർശം. ഭരണകാര്യങ്ങളിൽ ഹിന്ദി നിർബന്ധമാക്കി. 80 ശതമാനം സർക്കാർ രേഖയും ഹിന്ദിയാക്കി. അതുകൊണ്ട് ഔദ്യോഗിക ഭാഷയെ കൂടുതൽ ശക്തിപ്പെടുത്തണം. ഇംഗ്ലീഷിനു ബദലായി ഹിന്ദിയാണ് സംസാരിക്കേണ്ടതെന്നുമാണ് യോഗത്തിൽ ഷാ പറഞ്ഞത്.
2019ലെ ഹിന്ദി ദിവസ് ആഘോഷത്തിൽ ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന ആശയം ഷാ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികളുടെ കനത്ത എതിർപ്പിനൊടുവിൽ പ്രസ്താവന മയപ്പെടുത്തി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടിൽ ഹിന്ദി നിർബന്ധമാക്കണമെന്ന നിർദേശത്തിനെതിരെയും ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധമുയർന്നു. ഇപ്പോൾ ഒരിടവേളയ്ക്കുശേഷമാണ് ആർഎസ്എസിന്റെ പ്രാധാന രാഷ്ട്രീയ ആയുധമായ ഹിന്ദിവാദം ഉയർത്തിയത്.