കൊളംബോ
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായില്ലെങ്കില്‍ അവിശ്വാസപ്രമേയം നേരിടേണ്ടിവരുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് പ്രതിപക്ഷം. പ്രതിപക്ഷത്തെ ഉള്‍പ്പെടുത്തി ഏകീകൃത സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രസിഡന്റ് ഗോതബായ രജപക്സെയുടെ നിര്‍ദേശവും മുഖ്യപ്രതിപക്ഷമായ എസ്ജെബി തള്ളിയിരുന്നു. അവിശ്വാസപ്രമേയത്തിനുള്ള ഒപ്പുശേഖരണം എസ്ജെബി ആരംഭിച്ചു. ഗോതബായ പ്രസിഡന്റായുള്ള ഇടക്കാല സര്‍ക്കാരിനെ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസ പറഞ്ഞു. സഖ്യകക്ഷികളെല്ലാം പിന്മാറിയതോടെ പാർലമെന്റിൽ ഇപ്പോൾ സർക്കാരിന് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എങ്കിലും അധികാരം ഒഴിയില്ലെന്ന പിടിവാശിയിലാണ് ഗോതബായ രജപക്സെയും മഹിന്ദ രജപക്സെയും.
പ്രതിസന്ധി രൂക്ഷം
ഡോളറിന് 310 ലങ്കൻ രൂപയെന്ന നിലയിലേക്ക് ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞു. പണപ്പെരുപ്പ സമ്മര്‍ദം കുറയ്ക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്ക അടിസ്ഥാന പലിശനിരക്ക് ഏഴു ശതമാനമായി ഉയര്‍ത്തി.ലങ്കയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇക്കൊല്ലം 30 ശതമാനം ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും വെള്ളിയാഴ്ച സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി.
അലിസബ്രി തിരിച്ചെത്തി
നിയമിച്ച് 24 മണിക്കൂറിനുള്ളില്‍ രാജിവച്ച ശ്രീലങ്കന്‍ ധനമന്ത്രി അലിസബ്രി വെള്ളിയാഴ്ച തിരികെ പ്രവേശിച്ചു. ഐഎംഎഫ് ചര്‍ച്ചകളില്‍ രാജ്യത്തെ മേധാവിയായി സബ്രി പങ്കെടുക്കും. രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കണോ കടം തീര്‍ക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്. കടം കൊടുത്തുതീര്‍ക്കാതെ പറ്റില്ല. കാരണം അതിന്റെ അനന്തരഫലങ്ങള്‍ വലുതാണെന്നും ധനമന്ത്രി പറഞ്ഞു.