ഫ്രാങ്ക്ഫുർട്ട്
ഫെറാൻ ടോറെസിന്റെ ഗോളിൽ ബാഴ്സലോണ പിടിച്ചുനിന്നു. യൂറോപ ലീഗ് ആദ്യപാദ ക്വാർട്ടറിൽ ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടുമായി 1–1നാണ് ബാഴ്സ അവസാനിപ്പിച്ചത്. സാവിക്കുകീഴിൽ തോൽവിയറിയാതെ 21 മത്സരങ്ങളുമായി മുന്നേറിയ ബാഴ്സയെ ഐൻട്രാക്റ്റ് വിരട്ടി. അൻസ്ഗൻ നൗഫിന്റെ തകർപ്പൻ ഗോളിൽ അവർ ലീഡ് കുറിച്ചു. കഴിഞ്ഞ ഡിസംബറിനുശേഷം ബാഴ്സ ആദ്യമായി തോൽവിയുടെ വക്കിലെത്തി. എന്നാൽ, ഫ്രെങ്കി ഡി യോങ്ങും ടോറെസും ചേർന്നുള്ള മുന്നേറ്റം ബാഴ്സയെ കാത്തു. ഇതിനിടെ ഐൻട്രാക്റ്റ് പ്രതിരോധതാരം ടൗറ്റ ചുവപ്പുകാർഡ് വഴങ്ങി പുറത്തായി.
എതിരാളികളുടെ ആളെണ്ണം കുറഞ്ഞത് മുതലാക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. ഐൻട്രാക്റ്റിന് അനുകൂലമായി റഫറി പെനൽറ്റിക്ക് വിസിലൂതിയെങ്കിലും ‘വാറി’ൽ തിരുത്തി. പതിനാലിന് നൗകാമ്പിലാണ് രണ്ടാംപാദം. മറ്റ് മത്സരങ്ങളിൽ വെസ്റ്റ്ഹാം യുണെെറ്റഡും ല്യോണും ഓരോ ഗോൾവീതം നേടി പിരിഞ്ഞു. ലെയ്പ്സിഗ്–അറ്റ്-ലാന്റ മത്സരവും 1–1നാണ് അവസാനിച്ചത്.