ഇസ്ലാമാബാദ്
സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ പാക് ദേശീയ അസംബ്ലിയിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ സുപ്രീംകോടതിയ്ക്ക്എതിരെ കടുത്ത ആരോപണവുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാർലമെന്റ് അധോസഭ പിരിച്ചുവിട്ടത് റദ്ദാക്കാനും അവിശ്വാസപ്രമേയം വീണ്ടും പരിഗണിക്കാനും ഉത്തരവിട്ട സുപ്രീംകോടതിവിധി നിരാശാജനകമാണെന്ന് വെള്ളിയാഴ്ച രാത്രി പത്തരയോടെ രാജ്യത്തെ അഭിസംബോധനചെയ്യവെ ഇമ്രാന് പറഞ്ഞു. ഭരണം അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ നീക്കമുണ്ടായതിന്റെ തെളിവുകളിലേക്ക് സുപ്രീംകോടതി കടന്നില്ല. കുതിരക്കച്ചടവടത്തിന് ഇത് വഴിയൊരുക്കിയെന്നും ഇമ്രാന് പറഞ്ഞു.
“വിദേശ ഗൂഢാലോചന’ അന്വേഷിക്കാന്‍ റിട്ട. സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക കമീഷനെ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. സർക്കാരിനെതിരെ എട്ട് ദേശീയ അസംബ്ലി അംഗങ്ങൾ വിദേശ എംബസികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പാക് മന്ത്രി ഫവാദ് ചൗധരി ആരോപിച്ചു. പ്രത്യേകകമീഷനെ നിയോഗിച്ചതിലൂടെ ഇമ്രാന് പുതിയൊരു യുദ്ധമുഖമാണ് തുറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, പാർലമെന്റ് അധോസഭ പിരിച്ചുവിട്ട നടപടി ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ പിൻവലിച്ചു. ഏപ്രിൽ മൂന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി പാർലമെന്റ് അധോസഭയും പ്രവിശ്യാ അസംബ്ലികളും പിരിച്ചുവിട്ടത്. ഇത് വ്യാഴാഴ്ച സുപ്രീംകോടതി റദ്ദാക്കി.
342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ അവിശ്വാസം പാസാകാൻ 172 പേരുടെ പിന്തുണ വേണം. പ്രതിപക്ഷത്തിന് ഇതിനേക്കാൾ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018ൽ അധികാരത്തിൽ വന്ന ഇമ്രാൻ ഖാൻ സർക്കാരിന് 2023 വരെ കാലാവധിയുണ്ടെന്നിരിക്കെ സാമ്പത്തികമേഖല തകർന്നെന്ന് ആരോപിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്. സഭ പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കര്‍ക്ക് എതിരെയും പ്രതിപക്ഷം അവിശ്വാസം നോട്ടീസ് നല്‍കിയിട്ടുണ്ട്.