കൊച്ചി> വ്യാപാരിയെ മർദിച്ച് പണം കവർന്ന കേസിൽ അറസ്റ്റിലായ വാത്തുരുത്തി സ്വദേശിയും കോൺഗ്രസ് കൗൺസിലറുമായ ടിബിൻ ദേവസി ജില്ലയിലെ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘത്തിലെ പ്രധാനി. യൂത്ത് കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ ടിബിൻ നിരവധി കേസുകളിൽ പ്രതിയാണ്. മഹാരാജാസ് കോളേജിലെയും എറണാകുളം ഗവ. ലോ കോളേജിലെയും പഠനകാലത്ത് എസ്എഫ്ഐക്കാരെ മർദിച്ചതടക്കം ഒട്ടനവധി കേസുകളിൽ പ്രതിയാണ്.
2012–-13ലെ എംജി സർവകലാശാല കലോത്സവം എറണാകുളത്ത് നടക്കുന്നതിനിടെ മാരകായുധങ്ങളുമായി കലോത്സവത്തിന് എത്തിയതിന് പൊലീസ് പിടിയിലായിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റെയും ഹൈബി ഈഡന്റെയും വിശ്വസ്തനായതിനാൽ പല കേസുകളിൽനിന്നും രക്ഷപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ഏൽപ്പിക്കുന്ന ഗുണ്ടാപ്രവർത്തനങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നതിന്റെ പ്രതിഫലമായാണ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ സീറ്റ് ലഭിച്ചത്. കോൺഗ്രസ് കുത്തകയായ വാത്തുരുത്തി ഡിവിഷനിൽനിന്ന് വിജയിച്ചു.
കൗൺസിൽ യോഗങ്ങളിൽ ഡിവിഷനിലെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനുപകരം രാഷ്ട്രീയ വിഷയങ്ങളിൽ തർക്കത്തിൽ ഏർപ്പെടുക പതിവാണ്. പലപ്പോഴും മേയറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്ന നിലയുണ്ടായി. ഒടുവിലായി എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്ഐയുടെ കൊടിമരവും പ്രചാരണസാമഗ്രികളും തകർത്ത കേസിൽ ഏറെനാൾ ജയിലിലായിരുന്നു. പുറത്തിറങ്ങി മാസങ്ങൾ കഴിയുംമുമ്പാണ് വീണ്ടും ക്രിമിനൽ കേസിൽ പ്രതിയാകുന്നത്.