കൊല്‍ക്കത്ത> ആടുകളെയും കോഴികളേയും തീവണ്ടിയില്‍ കയറ്റുന്ന കാഴ്ച നമുക്കാര്‍ക്കും അത്ര പുതുമയുള്ളതല്ല. എന്നാല്‍, ബംഗാളില്‍ സംഗതി അല്പം വ്യത്യസ്തമാണ്. ഇവിടത്തുകാര്‍ കൊണ്ടുപോകുന്നത് കുതിരയെയാണ്. കുതിരയെ തീവണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്ന കൗതുകകരമായ കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ തോതില്‍ പ്രചരിക്കുന്നത്.
സെല്ദാഹ്- ഡയമണ്ട് ഹാര്‍ബര്‍ ടൗണിലെ ലോക്കല്‍ തീവണ്ടിയിലാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, പ്രചരിക്കുന്ന ചിത്രത്തിന്റെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല. റെയില്‍വേ അന്വേഷണവും പ്രഖ്യാപിച്ചു.
കുതിരകളുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത ശേഷം സൗത്ത് 24 പര്‍ഗാനാസിലെ ബാരിപൂരില് നിന്നും തിരികെ കൊണ്ടുവന്നതാണ് കുതിരയെ എന്നാണ് ലഭ്യമാകുന്ന വിവരം. ആളുകള്‍ക്ക് തന്നെ യാത്ര ചെയ്യാന്‍ സ്ഥലമില്ലാത്ത തീവണ്ടിയില്‍ കുതിരെ കൊണ്ടുവന്നത് യാത്രക്കാരും ചോദ്യം ചെയ്തു.
ഏത് സ്റ്റേഷനില്‍ വച്ചാണ് കുതിര കയറിയത് എന്നത് സംബന്ധിച്ച വിവരം ഇതുവരെ കിട്ടിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഏകലവ്യ ചക്രബര്‍ത്തി വ്യക്തമാക്കി