കൊല്ലം > കെഎസ്ആർടിസി കൊല്ലം – വാഗമൺ – മൂന്നാർ ഉല്ലാസയാത്രയുടെ ബുക്കിങ് കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ ആരംഭിച്ചു. രാവിലെ 5.15ന് ആരംഭിക്കുന്ന യാത്ര കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം ഏലപ്പാറ വഴി വാഗമൺ എത്തും. അഡ്വഞ്ചർ പാർക്ക്, പൈൻവാലി, മൊട്ടക്കുന്ന് എന്നിവ സന്ദർശിച്ച് കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവിടങ്ങളിലൂടെ കല്ലാർകുട്ടി വ്യൂ പോയിന്റ്, വെള്ളത്തൂവൽ, ആനച്ചാൽ വഴി ആദ്യദിനം മൂന്നാറിൽ യാത്ര അവസാനിക്കും.
അടുത്ത ദിവസം രാവിലെ 8.30ന് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, ഷൂട്ടിങ് പോയിന്റ്സ്, ഫ്ലവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകിട്ട് ആറിന് മൂന്നാറിൽ എത്തി രാത്രി ഏഴിനു അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി 24ന് പുലർച്ചെ രണ്ടിന് കൊല്ലം ഡിപ്പോയിൽ എത്തും. ബുക്കിങ് തുക 1150 രൂപ. മൂന്നാർ ഡിപ്പോയിൽ കെഎസ്ആർടിസി ബസിൽ സ്ലീപ്പർ സൗകര്യവും ഉൾപ്പെടും. (ഭക്ഷണവും, സന്ദർശനസ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ) ഫോൺ:9496675635, 8921950903.
ഉൾക്കടൽ ചുറ്റിയടിക്കാം; കപ്പൽ റെഡി
ആഡംബരക്കപ്പലിൽ ഉൾക്കടലിൽ ഒന്ന് ചുറ്റിയടിച്ച്, അഞ്ചുമണിക്കൂർ അടിച്ചുപൊളിച്ച് സൂര്യാസ്തമയവും കണ്ടുമടങ്ങിയാലോ. ജില്ലയിലെ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ആഡംബരക്കപ്പൽ യാത്രയ്ക്ക് അവസരമൊരുക്കുന്നത് കെഎസ്ആർടിസി കൊല്ലം ഡിപ്പോയാണ്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ജില്ലയിൽ ക്ലിക്കായതോടെയാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ‘നെഫെർറ്റിറ്റി’ ആഡംബരക്കപ്പലിൽ യാത്രയ്ക്ക് അവസരമൊരുക്കുന്നത്.
ഇരുപത്തിമൂന്നിനു പകൽ മൂന്നിന് കൊല്ലം ഡിപ്പോയിൽനിന്ന് എസി ലോ ഫ്ലോർ ബസിലാണ് യാത്രക്കാരെ കൊച്ചി തുറമുഖത്ത് എത്തിക്കുക. അവിടെനിന്ന് കപ്പലിൽ 10 നോട്ടിക്കൽ മൈൽ സഞ്ചരിച്ച് തിരികെ രാത്രി എത്തും. കപ്പലിൽ ഡിജെ, വിവിധ ഇനം കളികൾ, ഡാൻസ് എന്നിവ ഉണ്ടാകും. പവർ മ്യൂസിക്കൽ സിസ്റ്റത്തിന്റെ സഹായത്തോടെയാകും വിനോദം. ഭക്ഷണം ഉൾപ്പെടെ 3500 രൂപയാണ് ടിക്കറ്റ് ചാർജ്. അഞ്ചുമുതൽ 10വയസ്സ് വരെയുള്ള കുട്ടികൾക്ക് 1799രൂപ. 125 പേർക്ക് യാത്രചെയ്യാൻ സൗകര്യമുള്ളതാണ് കപ്പൽ. പ്രതികൂല കാലാവസ്ഥയാണെങ്കിൽ യാത്രാ തീയതിയിൽ മാറ്റം ഉണ്ടാകുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.