തിരുവനന്തപുരം
സംസ്ഥാനത്തിന് രണ്ടു കോടി ലിറ്റർ മണ്ണെണ്ണ കേന്ദ്രം അനുവദിക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വർ തേലിയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നേരത്തേ സംസ്ഥാനത്തിന്റെ മണ്ണെണ്ണവിഹിതം 40 ശതമാനം വെട്ടിക്കുറയ്ക്കുകയയും വില കൂട്ടുകയും ചെയ്തിരുന്നു. വെട്ടിക്കുറച്ച മണ്ണെണ്ണവിഹിതം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ചർച്ചക്കായി ഭക്ഷ്യമന്ത്രി ഡൽഹിയിൽ പോകുകയായിരുന്നു.
മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് കേന്ദ്രനയമെന്നും ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മണ്ണെണ്ണയുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിവരുന്നതായും രാമേശ്വർ തേലി പറഞ്ഞു. എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞവർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം മുൻകൂറായി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാനും പെട്രോളിയംമന്ത്രാലയം നിർദേശിച്ചു.