കണ്ണൂർ
മുതിർന്ന നേതാവും പാർലമെന്ററി പ്രവർത്തനത്തിൽ ദീർഘകാല അനുഭവപരിചയവുമുള്ള കെ വി തോമസ് തുറന്നുകാട്ടിയത് കോൺഗ്രസിന്റെ ബിജെപി പ്രീണനനയം. ആർഎസ്എസിനോട് എന്തിന് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രസക്തമായ ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. കോൺഗ്രസിലെ നിരവധി നേതാക്കളും പ്രവർത്തകരും ഈ നിലപാടിനൊപ്പമാണ്. പാടെ തകർന്നിട്ടും വർഗീയത സംബന്ധിച്ച് നിലപാടെടുക്കാൻ കഴിയുന്നില്ലെന്ന തുറന്നുപറച്ചിൽ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കും. സമാന ചിന്താഗതിക്കാർ ഇത്തരം നിലപാടുമായി ഇനിയും മുന്നോട്ടുവരും.
സംസ്ഥാനങ്ങളുടെ അധികാരം കവർന്നും മറ്റു സർക്കാരുകളോട് ശത്രുതാ മനോഭാവം പുലർത്തിയുമാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. അത് ചോദ്യംചെയ്യാൻ മുന്നിൽനിൽക്കേണ്ടത് കോൺഗ്രസാണെന്ന് കെ വി തോമസ് പറയുമ്പോൾ ‘പുറത്താക്കുമെന്ന്’ ആണ് കെ സുധാകരന്റെ ഭീഷണി. ഈ നിലപാട് കെപിസിസിയുടെയോ സോണിയ ഗാന്ധി അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെയോ മാത്രമല്ല. വർഗീയ, കോർപറേറ്റ് പ്രീണന നയത്തിന്റെയും ഭാഗമാണിത്. നാല് സെമിനാറിലേക്ക് കോൺഗ്രസ് നേതാക്കളെ സിപിഐ എം ക്ഷണിച്ചിരുന്നു. ഇവയെല്ലാം കേന്ദ്ര സർക്കാരുമായും ബിജെപിയുമായും ബന്ധപ്പെട്ടവയാണ്. ഇവയിൽ പങ്കെടുത്താൽ സ്വാഭാവികമായും ബിജെപിക്കെതിരെ പറയേണ്ടിവരും. ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസ് തയ്യാറല്ല എന്നാണ് വിട്ടുനിൽക്കൽ തെളിയുന്നത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്യുമ്പോഴാണ് ഈ നടപടി.
‘സെമികേഡർ’ നയം പറഞ്ഞ് കെ സുധാകരനും വി ഡി സതീശനും മുതിർന്ന നേതാക്കളെ നിരന്തരം അപമാനിക്കുന്നത് എന്തിനാണെന്ന് അണികൾ സ്വാഭാവികമായും ചിന്തിക്കും. കേന്ദ്ര സർക്കാരിനെതിരായ സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു എഐസിസി അംഗത്തെ പുറത്താക്കുന്നതിലൂടെ ദേശീയതലത്തിലും വലിയ തിരിച്ചടിയാകും.