ഇസ്ലാമാബാദ്
പാകിസ്ഥാനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി റദ്ദാക്കി സുപ്രീംകോടതി. ശനിയാഴ്ച അസംബ്ലി വിളിച്ചുചേർത്ത് പ്രധാനമന്ത്രി ഇമ്രാന്ഖാന് എതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടു. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതും ദേശീയ അസംബ്ലി പിരിച്ചുവിട്ടതും ഭരണഘടനാ വിരുദ്ധമാണ്. ദേശീയ അസംബ്ലി പുനഃസ്ഥാപിക്കുന്നതായി വിഷയം പരിഗണിച്ച അഞ്ച് ജഡ്ജിമാരും ഏകകണ്ഠമായ ഇറക്കിയ ഉത്തരവില് പറഞ്ഞു.
ഇമ്രാൻ ഖാന് ദേശീയ അസംബ്ലി പിരിച്ചുവിടാൻ ശുപാർശ ചെയ്യാൻ അധികാരമില്ല. വോട്ടെടുപ്പിൽ ഒരംഗത്തെയും തടയരുതെന്നും കോടതി പറഞ്ഞു. ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാണ് വിധി. സുപ്രീംകോടതി വിധി എന്തായാലും പാകിസ്ഥാൻ തെഹ്രീകി ഇൻസാഫ് പാർടി അംഗീകരിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി ഭരണഘടനയുടെ 95–-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ജഡ്ജി ഉമർ അത ബന്ദിയാൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഞായറാഴ്ചയാണ് അവിശ്വാസം തള്ളിയതിനു പിന്നാലെ ഇമ്രാന്റെ ശുപാർശ പ്രകാരം പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനായിരുന്നു പ്രസിഡന്റിന്റെ നിർദേശം. എന്നാൽ, തെരഞ്ഞെടുപ്പ് നടത്താൻ കുറഞ്ഞത് ഏഴ് മാസമെങ്കിലും സമയം ആവശ്യമാണെന്ന് പാക് തെരഞ്ഞെടുപ്പ് കമീഷണർ സുപ്രീംകോടതിയിൽ പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ഇജാസുൽ അഹ്സാൻ, മൊഹമ്മദ് അലി മസ്ഹർ മിയാൻഖെൽ, മുനീബ് അക്തർ, ജമാൽ ഖാൻ മന്ദോഖേൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാദം ആരംഭിച്ച് അഞ്ചാം ദിവസമായ വ്യാഴാഴ്ച രാത്രിയാണ് സുപ്രീംകോടതി അന്തിമ വിധി പ്രസ്താവിച്ചത്. വിഷയം സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. വിധി പ്രസ്താവിക്കുന്നതിനാൽ കോടതിക്ക് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.