തിരുവനന്തപുരം
ഇന്ധനവില ദിവസവും കൂട്ടുന്ന കേന്ദ്ര സർക്കാരിനെതിരെ കർഷകസമര മാതൃകയിൽ ദേശീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജീവിക്കണോ ആത്മഹത്യ ചെയ്യണോയെന്ന ചോദ്യമാണ് ജനങ്ങൾക്കുമുന്നിൽ ഉയരുന്നത്. കോവിഡ് ദുരിതത്തിൽനിന്ന് കരകയറാനാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇടിത്തീപോലെ വിലവർധന. ഇന്ധനവില വർധനയ്ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജിപിഒക്കുമുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
തെരഞ്ഞെടുപ്പ് നാളുകളിലൊന്നും ഇന്ധനവില ഉയർന്നില്ല. പിന്നീട് ഓരോ ദിവസവും കൂട്ടി. സർക്കാർ വിചാരിച്ചാൽ വിലക്കയറ്റം നിയന്ത്രിക്കാനാകുമെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കുത്തകകൾക്ക് കൂട്ടുനിൽക്കുന്ന ബിജെപി സർക്കാരിന് ജനങ്ങളുടെ ദുരിതം പ്രശ്നമേയല്ല. 25 കോടി ജനം രണ്ടുദിവസം പണിമുടക്കി ഉന്നയിച്ച വിഷയങ്ങൾക്ക് ഒരുവിലയും കേന്ദ്രം കൽപ്പിക്കുന്നില്ല. ഈ നിലപാട് തിരുത്താൻ ജനശക്തിക്കേ കഴിയൂവെന്നും കാനം പറഞ്ഞു.
സിപിഐ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ധർണ സംഘടിപ്പിച്ചത്. ജിപിഒക്കുമുന്നിലെ ധർണയിൽ സി ദിവാകരൻ അധ്യക്ഷനായി. മാങ്കോട് രാധാകൃഷ്ണൻ, അഡ്വ. ജെ വേണുഗോപാലൻ നായർ, മീനാങ്കൽ കുമാർ, ഇന്ദിരാ രവീന്ദ്രൻ, എം രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.