കണ്ണൂർ
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കശ്മീരിലെ രാഷ്ട്രീയനേതാക്കളുടെ വായടപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം ജമ്മു കശ്മീർ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. ഒമർ അബ്ദുല്ലയെ കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് വർഷങ്ങൾക്കുമുമ്പത്തെ സംഭവങ്ങളുടെ പേരിലാണ്. ഒമറിനെ എൻഡിഎ സഖ്യത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഈ കേസിന്റെ കാര്യം ബിജെപി ഓർമിച്ചിരുന്നില്ലേയെന്ന് തരിഗാമി ചോദിച്ചു. ഒമറിനെമാത്രമല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയവരെയെല്ലാം കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുകയാണ്.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയശേഷം സമാധാനം വന്നുവെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാൽ യുഎപിഎ, പിഎസ്എ തുടങ്ങിയ നിയമങ്ങൾ ജനങ്ങൾക്കെതിരെ വ്യാപകമായി പ്രയോഗിക്കുകയാണ്. ജനങ്ങളുമായി ബന്ധമുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് അപമാനിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം.
കശ്മീരിൽ വൻ നിക്ഷേപം വരുമെന്നു പറഞ്ഞു. ഒന്നും വന്നില്ല. തൊഴിൽ നൽകുമെന്നു പറഞ്ഞു. കൂടുതൽപേർ തൊഴിൽരഹിതരായി– തരിഗാമി പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകൾ നേരിട്ടത് കൊടിയ പീഡനമായിരുന്നു. എന്നാൽ, 2014 മുതൽ കേന്ദ്രത്തിൽ അധികാരത്തിലുള്ള എൻഡിഎ സർക്കാർ ഇവർക്കുവേണ്ടി ഒന്നും ചെയ്തില്ല. അവരെ തിരിച്ചുകൊണ്ടുവരാനോ ആശ്വാസനടപടി സ്വീകരിക്കാനോ കേന്ദ്രം ശ്രമിച്ചില്ല. പകരം അവരുടെ കണ്ണീർ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിൽപ്പനച്ചരക്കാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.