കൽപ്പറ്റ
സരസുവിന്റെ കണ്ണ് നിറഞ്ഞെങ്കിലും അത് ആശ്വാസത്തിന്റെ തേങ്ങലായിരുന്നു. 22 വർഷത്തെ കാത്തിരിപ്പിന് ഫലം കണ്ടതിന്റെ ആനന്ദാശ്രു. മേപ്പാടി മുക്കംകുന്ന് ചൂരിക്കുനി കോളനിയിലെ സരസു നാലുസെന്റ് ഭൂമിയുടെ ഉടമയാണിന്ന്. മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മന്ത്രി കെ രാജൻ ചേർത്തുപിടിച്ചാണ് പട്ടയം കൈമാറിയത്.
എട്ട് വർഷം മുമ്പായിരുന്നു ഭർത്താവിന്റെ മരണം. നാല് മക്കളുണ്ടെങ്കിലും ഒരാൾ മാത്രമേ അമ്മയെ നോക്കാറുള്ളൂ. ‘സർക്കാരിന്റെ പെൻഷനും റേഷനും ഉള്ളതോണ്ട് പട്ടിണിയില്ല. മക്കളോട് പരിഭവമില്ല, അവർ നന്നാവട്ടെ…’ സങ്കടം 76കാരിയായ അമ്മയുടെ വാക്കുകൾ മുറിച്ചു. ഇനി ഇറങ്ങിപ്പോകാൻ ആരും പറയൂലല്ലോ എന്ന ആശ്വാസം ഇവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കും. നാലുവർഷം മുമ്പാണ് പട്ടയത്തിനുള്ള അപേക്ഷ നൽകിയത്.
വയനാട് ജില്ലയിലെ 525 പേർക്കാണ് ഭൂരേഖ കിട്ടിയത്. ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് നാല് സെന്റ് മുതൽ ഒന്നര ഏക്കർ വരെയുള്ള കൈവശ ഭൂമിക്കാണ് അവകാശം കിട്ടിയത്. ജില്ല രൂപീകൃതമായശേഷം ആദ്യമായാണ് ഇത്രയുംപേർക്ക് ഒരുമിച്ച് പട്ടയം നൽകുന്നത്.
1970 കുടിയേറിയ മേപ്പാടി നത്തൻകുന്ന് ജയ്ഹിന്ദ്, കൈരളി കോളനികളിലെ 80 പേരും ഭൂവുടമകളായി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുൻ എംഎൽഎ സി കെ ശശീന്ദ്രൻ ഇടപെട്ടാണ് സർവേ ഉൾപ്പെടെയുള്ള നടപടിയെടുത്തത്. അടുത്തമാസം 700 പട്ടയംകൂടി വിതരണംചെയ്യും. വൈത്തിരി താലൂക്കിൽ ഗൂഡലായ്ക്കുന്നിൽ 300 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനായി സർവേ പുരോഗമിക്കുകയാണ്. മാനന്തവാടി താലൂക്കിലെ പാരിസൺ ഭൂമിയിൽ 220 ഏക്കർ ഭൂമി അളന്നു. മൊത്തം 400 ഏക്കറാണ് ഇവിടെയുള്ളത്. 30നകം അളവ് പൂർത്തിയാക്കും. അഞ്ഞൂറോളം ഗുണഭോക്താക്കളാണ് ഇവിടെയുള്ളത്.