തിരുവനന്തപുരം
സ്വന്തം കിടപ്പാടത്തിന്റെ രേഖ കൈമാറുമ്പോൾ ശ്രീക്കുട്ടിയുടെ മുഖത്ത് നിറഞ്ഞ സന്തോഷം. വാക്കുപാലിക്കുന്ന സർക്കാർ, തങ്ങളുടെ ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നതിന്റെ ആശ്വാസവും. വിളപ്പിൽശാലയിലെ എ പി ജെ അബ്ദുൾകലാം സർവകലാശാലയ്ക്കായി ഭൂമി വിട്ടുനൽകിയ മുഴുവൻ ഭൂ ഉടമകളും സമാനവികാരമാണ് പങ്കിട്ടത്. ആദ്യഘട്ടമായി റവന്യൂ വകുപ്പ് ഏറ്റെടുത്ത 136 ഭൂവുടമകളുടെ 50 ഏക്കർ സർവകലാശാലയ്ക്ക് കൈമാറി തുടങ്ങി.
വികസനപ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടുനൽകുന്നവർ ദുഃഖിക്കേണ്ടിവരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ അന്വർഥമാകുന്ന അനുഭവമാണ് വ്യാഴാഴ്ച വിളപ്പിൽശാലയിൽ കണ്ടത്. ആഹ്ലാദത്തോടെയാണ് കിടപ്പാടംപോലും നാട്ടുകാർ വിട്ടുനൽകുന്നത്. മാത്രമല്ല, സർവകലാശാലയ്ക്കുവേണ്ടി ബാക്കിയുള്ള 50 ഏക്കർകൂടി ഏറ്റെടുക്കണമെന്ന ആവശ്യവും ഉടമകൾ ഉയർത്തുന്നു.
വെള്ളിയാഴ്ചയോടെ റവന്യൂ വകുപ്പ് ഏറ്റെടുത്ത 50 ഏക്കറും സർവകലാശാലയ്ക്ക് കൈമാറും. 136 ഭൂവുടമകൾക്കായി 184 കോടി രൂപയാണ് സർക്കാർ നൽകുന്നത്. വീട് നഷ്ടമാകുന്നവർക്ക് 4.60 ലക്ഷവും വീടും കാലിത്തൊഴുത്തും നഷ്ടപ്പെടുന്നവർക്ക് 5.10 ലക്ഷം രൂപയും അധികം ലഭിക്കും. സാങ്കേതിക സർവകലാശാലാ ആസ്ഥാന നിർമാണത്തിന്റെ ഒന്നാം ഘട്ടത്തിന് 405 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്നു ഘട്ടങ്ങൾക്കുമായി 1000 കോടിയും.