കൊച്ചി
വയനാട് സ്വദേശി ഡോ. സിന്ധു ജോസഫ് സൃഷ്ടിച്ച ‘സിറ’ അന്താരാഷ്ട്ര ബിസിനസ് അംഗീകാരത്തിന്റെ നിറവിൽ. വെൽത്ത് മാനേജ്മെന്റ് രംഗത്തെ മികച്ച വനിതാ സിഇഒമാരിൽ ഒരാളായാണ് മാനന്തവാടി ദ്വാരക കൊട്ടുകാപ്പള്ളിൽ സിന്ധു തെരഞ്ഞെടുക്കപ്പെട്ടത്. വെൽത്ത് സൊല്യൂഷൻ റിപ്പോർട്ട് ഡിജിറ്റൽ കമ്പനിയുടെ പുരസ്കാരമാണ് സിന്ധു നേടിയത്. ഇൻഫോപാർക്കിൽ 2015ൽ ആരംഭിച്ച ‘കൊഗ്നിക്കോർ ടെക്നോളജീസ്’ രൂപം നൽകിയ ‘സിറ’(CIRA) വെർച്വൽ പ്ലാറ്റ്ഫോം നിർമിതബുദ്ധിയിലാണ് പ്രവർത്തിക്കുന്നത്. വമ്പൻ വെൽത്ത് മാനേജ്മെന്റ് കമ്പനികളുടെ കസ്റ്റമർ കെയർ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് സിറയെ സൃഷ്ടിച്ചത്. സാൻഫ്രാൻസിസ്കോയിൽ താമസിക്കുന്ന, കൊച്ചിയിൽ വീടുള്ള സിന്ധു കൊഗ്നിക്കോർ സിഇഒയാണ്.
സിന്ധുവും ഭർത്താവ് തൃശൂർ സ്വദേശി റോഷ് ചെറിയാനും ചേർന്നാണ് കൊഗ്നിക്കോർ സ്ഥാപിച്ചത്. സിന്ധു കോൺവർസേഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ പിഎച്ച്ഡിയും ഈ മേഖലയിൽ ആറ് പേറ്റന്റുകളും സ്വന്തമാക്കി.
കമ്പനിയെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചുമുള്ള ഗുണഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഓൺലൈൻ ചാറ്റിലൂടെ സിറ മറുപടി നൽകും. കസ്റ്റമർ കെയറിൽ വിളിക്കുന്നതിന് പകരം ഈ വെർച്വൽ പ്ലാറ്റ്ഫോമിൽ ചാറ്റ് ചെയ്ത് ഗുണഭോക്താക്കൾക്ക് സംശയം തീർക്കാം. ലക്ഷക്കണക്കിന് ആളുകൾക്ക് ഒരേസമയം ചാറ്റ് ചെയ്യാം. അമേരിക്കയിലെ പ്രമുഖ കമ്പനികളായ എൽപിഎൽ ഫിനാൻഷ്യൽ, ബിഎൻവൈ മെല്ലൻ, പെർഷിങ്, സിംഗപ്പൂർ ഒസിബിസി ബാങ്ക് എന്നിവ സിറയെ ഉപയോഗിക്കുന്നു.
ബംഗളൂരുവിൽ ഹണിവെൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് റോഷിനെ സിന്ധു കണ്ടുമുട്ടിയത്. വിവാഹശേഷം ‘കോൺവർസേഷണൽ എഐ’യിൽ പിഎച്ച്ഡി എടുക്കാൻ റോഷിനൊപ്പം സ്പെയ്നിലെത്തി. ഇവിടെവച്ച് 2012ലാണ് സിറയുടെ ആദ്യ രൂപം സൃഷ്ടിച്ചത്. തുടർന്ന് വെൻച്വർ ക്യാപിറ്റലിസ്റ്റ് മത്സരത്തിൽ വിജയിയായി ലഭിച്ച ഫണ്ടിലൂടെയാണ് ഇന്നത്തെ സിറയെ രൂപപ്പെടുത്തിയത്.