സി എച്ച് കണാരൻ നഗർ
സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽനിന്ന് നേതാക്കളെ വിലക്കിയത് കോൺഗ്രസിന്റെ വിശ്വാസ്യത കൂടുതൽ തകർക്കുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെമിനാറിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ അസാന്നിധ്യം നിരാശാജനകമാണ്. ദേശീയപ്രാധാന്യമുള്ള വിഷയത്തിലെ സെമിനാറിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ശശി തരൂർ പ്രതികരിച്ചിരുന്നു. മതനിരപേക്ഷത സംരക്ഷിക്കണമെന്നതിൽ സിപിഐ എമ്മിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമല്ല കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളും ചില എഐസിസി നേതാക്കളും സെമിനാറിൽനിന്ന് വിലക്കി. അതിനാൽ തനിക്ക് പങ്കെടുക്കാനാകില്ലെന്നാണ് തരൂർ അറിയിച്ചത്.
ബിജെപിയെ താഴെയിറക്കാൻ മതനിരപേക്ഷനിലപാടുള്ള എല്ലാവരും യോജിക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴാണ് വിശ്വാസ്യത കൂടുതൽ അപകടത്തിലാക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇത് കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് വ്യക്തമാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദുത്വവൽക്കരണനിയമങ്ങൾ നടപ്പാക്കുന്നത് കോൺഗ്രസ് പിന്തുണയോടെയാണ്. സിലബസിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ ഗീത പഠിപ്പിക്കുന്ന ഗുജറാത്ത് സർക്കാരിന്റെ പ്രഖ്യാപനത്തെ പ്രതിപക്ഷമായ കോൺഗ്രസ് എതിർത്തില്ല. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഉൾപ്പെടെ രാമായണവും വേദവും സർക്കാർ ഔദ്യോഗികമായി പ്രചരിപ്പിക്കുന്നതിനെയും ചോദ്യം ചെയ്തില്ല. മതനിരപേക്ഷ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് എന്തുകൊണ്ട് ഈ നിലപാട് എടുക്കുന്നുവെന്ന് വിശദീകരിക്കണം–- കാരാട്ട് പറഞ്ഞു.
സെമിനാറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അധ്യക്ഷനായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. ടി വി രാജേഷ് സ്വാഗതം പറഞ്ഞു.