ന്യൂഡൽഹി> പ്രശസ്ത സാമൂഹ്യപ്രവർത്തകയും നർമ്മദ ബചാവോ ആന്ദോളൻ സംഘടനയുടെ സ്ഥാപക നേതാവുമായ മേധ പട്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തു. 2005 ൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചെന്നും സംശയാസ്പദമായ ഇടങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചെന്നുമാണ് കേസ്.
ഇഡിക്ക് പുറമെ ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസും ആദായനികുതി വകുപ്പും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദി പയനിയറിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേധാ പട്കറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. 2005ൽ ഒരു ദിവസം 20 വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നായി 1,19,25,880 രൂപ മേധാ പട്കറിന്റെ നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ 001010100064503 എന്ന ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ ലഭിച്ചെന്നാണ് റിപ്പോർട്ട്.
2005 ജൂൺ 18ന് 20 വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്ന് 5,96,294 രൂപ വീതമാണ് എൻജിഒയ്ക്ക് ലഭിച്ചത്. എല്ലാ അക്കൗണ്ടുകളും ഒരേ തുക സംഭാവന ചെയ്തത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയെന്നും സംഭാവന നൽകിയതിൽ ഒരാളായ പല്ലവി പ്രഭാർ ഭലേക്കർക്ക് അന്ന് 17 വയസായിരുന്നു പ്രായമെന്നും പയനിയർ റിപ്പോർട്ടിൽ പറയുന്നു.
2020 ജനുവരി മുതൽ 21 മാർച്ച് വരെ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് എൻജിഒയ്ക്ക് നൽകിയത് 61,78,695 രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 ജനുവരി മൂന്നിന് 9,28,879 രൂപയും ഫെബ്രുവരി 14നും മാർച്ച് അഞ്ചിനും 10,27,173 രൂപ വീതവും ഒക്ടോബർ ഒമ്പതിന് 6,95,470 രൂപയും 2021 ജനുവരി എട്ടിനും മാർച്ച് 30നും 12,50,000 രൂപ വീതവുമാണ് മാസഗോൺ ഡോക്ക് ലിമിറ്റഡ് എൻജിഒയ്ക്ക് ഫണ്ട് നൽകിയത്.
അതേസമയം ഇഡി കേസ് എടുത്ത സംഭവത്തിൽ വിശദീകരണവുമായി മേധ പട്കർ രംഗത്തെത്തി. തങ്ങൾക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണ്. ഒരു ദിവസം 20 പേരിൽ നിന്ന് ഒരേ തുക ലഭിച്ചതായി പറയുന്നു. തങ്ങളുടെ കൈവശമുള്ള രേഖകൾ അനുസരിച്ച് ഇത് ശരിയല്ലെന്ന് അവർ പറഞ്ഞു.
മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിന്റെ സഹായം എന്ജിഒയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും മേധാപട്കർ വ്യക്തമാക്കി. മുൻ ജില്ലാ കലക്ടറുടെ ശുപാർശ പ്രകാരമാണ് നന്ദുർബാർ ജില്ലയിലെ നിരവധി പദ്ധതികൾക്ക് മാസഗോൺ ഡോക്ക് സഹായങ്ങൾ നൽകിയതെന്നും മേധാ പട്കർ പറഞ്ഞു.