തിരുവനന്തപുരം> സിപിഐ എം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ. വിഷയം വിശാല അര്‍ഥത്തില്‍ കാണണം. കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് സങ്കുചിത കാഴ്ചപ്പാടാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ്. കെ വി തോമസിന്റേത് പോലെ ഒരു തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. തോമസ് പറഞ്ഞ പല കാര്യങ്ങളിലും താനും അനുഭവസ്ഥനെന്നും പി സി ചാക്കോ പറഞ്ഞു.
വിലക്കുകള്‍ തള്ളി സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് കെ വി തോമസ് ഇന്ന് വ്യക്തമാക്കിയത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും, സിപിഐ എം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം കെ സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണെന്നുമായിരുന്നു തോമസ് വിശദീകരിച്ചത്.
ഒരു മനുഷ്യനെ അപമാനിക്കാവുന്നതിന്റെ പരമാവധി തന്നെ അപമാനിച്ചു. ഇനിയും അതിനു നിന്നുകൊടുക്കാന്‍ വയ്യ . 2018 ന് ശേഷം എനിക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവാദം കിട്ടിയില്ല. പ്രധാനമന്ത്രിയെ കണ്ടാല്‍ എന്നെ ബിജെപിയായും യെച്ചൂരിയെ കണ്ടാല്‍ സിപിഐ എമ്മായും ചിത്രീകരിക്കുന്ന അവസ്ഥയാണെന്നും തോമസ് പറഞ്ഞു.