തിരുവനന്തപുരം
സംസ്ഥാന സർക്കാരിനായി ഉൽപ്പന്നം നിർമിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി സ്റ്റാർട്ടപ് മിഷൻ. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ്(ബി2ജി) ഉച്ചകോടി 26ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കും. പൊതുസംഭരണ ഉച്ചകോടി 2022ൽ സ്റ്റാർട്ടപ്പുകൾക്ക് ഉൽപ്പന്നങ്ങളും സേവനവും സർക്കാർ വകുപ്പിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും മുമ്പിൽ അവതരിപ്പിക്കാം. വകുപ്പിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യം സ്റ്റാർട്ടപ്പുകളെ അറിയിക്കുകയുംചെയ്യാം. സർക്കാർവകുപ്പിൽ സ്റ്റാർട്ടപ് ഇന്നൊവേഷൻ സോൺ രൂപീകരിക്കാനും ഉച്ചകോടി വഴിയൊരുക്കും.
2017ലെ സംസ്ഥാന ഐടി നയത്തിൽ സ്റ്റാർട്ടപ്പിൽനിന്നുള്ള പൊതുസംഭരണം നിയമവിധേയമാക്കിയിരുന്നു. സർക്കാർവകുപ്പിന് 20 ലക്ഷം രൂപവരെയുള്ള ഇടപാട് നേരിട്ടും ഒരു കോടിവരെ ലേലത്തിലൂടെയും സ്വീകരിക്കാം. പന്ത്രണ്ടിലധികം കോടിയുടെ 135 സംഭരണം ‘ഗവൺമെന്റ് ആസ് എ മാർക്കറ്റ്പ്ലേസ്’പദ്ധതിക്കു കീഴിലായി ഇതുവരെ നടപ്പാക്കി.
രാജ്യത്തെ മികച്ച പദ്ധതിയായി സ്റ്റാർട്ടപ് ഇന്ത്യയും ഡിപ്പാർട്ട്മെന്റ ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡും (ഡിപിഐഐടി) വിലയിരുത്തിയ ഈ പദ്ധതി വിവിധ സംസ്ഥാനങ്ങളിൽ അവതരിപ്പിച്ചു. ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്യാൻ: https://pps.startupmission.in/.