ന്യൂഡൽഹി
കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടിക്കുറച്ചതും വില കുത്തനെ കൂട്ടിയതും അടക്കം വിഷയങ്ങൾ ചർച്ച ചെയ്യാൻ വ്യാഴം രാവിലെ പത്തിന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഭക്ഷ്യ–സിവിൽ സപ്ലെെസ് മന്ത്രി ജി ആർ അനിൽ ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി അറിയിച്ചെന്ന് ജി ആർ അനിൽ കേരള ഹൗസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുവിതരണത്തിനുള്ള മണ്ണെണ്ണവില ലിറ്ററിന് 22 രൂപ കൂട്ടിയത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കുന്നതാണെന്ന് കേരളം അറിയിച്ചു. പരിഷ്കാരം അനുസരിച്ച് 3888 കിലോലിറ്റർ മാത്രമാണ് കേരളത്തിന് നൽകുക. വിഹിതം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനുള്ള അരിവിഹിതത്തിൽ അമ്പതു ശതമാനം പച്ചരി വേണമെന്ന ആവശ്യം കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലെസ് സഹമന്ത്രി മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ബാക്കി അമ്പത് ശതമാനം ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ജയ, സുരേഖ ഇനങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു.
ആധുനിക എഫ്സിഐ ഗോഡൗണുകൾ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതനുസരിച്ച് 20 എണ്ണത്തിന്റെ ശുപാർശ സമർപ്പിക്കാൻ കേന്ദ്രം നിർദേശം നൽകി.
സബ്സിഡി ഇനത്തിൽ നൽകാനുള്ള 390 കോടി അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും സഹമന്ത്രി ഉറപ്പുനൽകി. ഉപഭോക്തൃവകുപ്പ് മന്ത്രി അശ്വിനി കുമാർ ചൗധരിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ സബ്സിഡി ഇനങ്ങളിൽ നൽകാനുണ്ടായിരുന്ന 914 കോടി കേന്ദ്രം അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഇതിന് കേരളം നന്ദിയറിയിച്ചു. സംസ്ഥാന ഉപഭോക്തൃ സംരക്ഷണ കമ്മിറ്റിയിലേക്കുള്ള പത്തംഗങ്ങളെ ഉടൻ നിയമിക്കുമെന്ന് കേരളം ഉറപ്പുനൽകി.