ന്യൂഡൽഹി
കോൺഗ്രസ് പാർടിയിൽനിന്ന് പുറത്തുപോകാനുള്ള മനസ്സുണ്ടെങ്കിലേ കെ വി തോമസ് സിപിഐ എം പാർടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
വിലക്ക് ലംഘിച്ച് അദ്ദേഹം സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പോകില്ലെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രാവിലെ അദ്ദേഹത്തോട് സംസാരിച്ചിരുന്നെന്നും സോണിയ ഗാന്ധിയുടെ അഭിപ്രായം അദ്ദേഹം അറിഞ്ഞതായി പ്രതീക്ഷിക്കുന്നെന്നും മറുപടിയായി പറഞ്ഞു. എന്നാൽ, പങ്കെടുക്കില്ലെന്ന് സുവ്യക്തമായി കെ വി തോമസ് പറയാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ല. പാർടി പ്രവർത്തകരുടെ വികാരത്തെ മാനിക്കുന്ന ആർക്കും സിപിഐ എം വേദിയിൽ പോകാൻ കഴിയില്ലെന്നും പാർടി കോൺഗ്രസ് കേരളത്തിൽ അല്ലായിരുന്നെങ്കിൽ ഇത്രയും വാശിപിടിക്കില്ലായിരുന്നെന്നും സുധാകരൻ പറഞ്ഞു.