തേഞ്ഞിപ്പലം
മൂന്ന് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം–- ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിന്റെ അവസാനദിനം ട്രാക്കിൽ മലയാളിത്തിളക്കം. പുരുഷവിഭാഗം ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ എൽദോസ് പോൾ 16.99 മീറ്റർ ചാടി മീറ്റ് റെക്കോഡോടെ സ്വർണം നേടി. യു കാർത്തിക് (16.81 മീറ്റർ) വെങ്കലം സ്വന്തമാക്കി.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിനാണ് സ്വർണവും വെള്ളിയും. ആർ അനു (58.63) സ്വർണം നേടിയപ്പോൾ ആർ ആരതിക്കാണ് വെള്ളി (59.44). വനംവകുപ്പിൽ സീനിയർ സൂപ്രണ്ടാണ് അനു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥിനിയാണ് ആരതി. പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ പി ജാബിർ സ്വർണം നേടി (50.35). പുരുഷന്മാരുടെ 200 മീറ്ററിൽ അസമിന്റെ അംലാൻ ബർഗോറിയൻ ദേശീയ റെക്കോഡ് മറികടന്നു (20.52).
അംലാൻ ഏഷ്യൻ ഗെയിംസിനും യോഗ്യത നേടി. ഈ ഇനത്തിൽ കേരളത്തിന്റെ വി മുഹമ്മദ് അജ്മലിനാണ് (20.92) വെങ്കലം.
വനിതകളുടെ 200 മീറ്ററിൽ അസമിന്റെ രാജ്യാന്തര താരം ഹിമദാസ് സ്വർണം നേടി (23.03). മഹാരാഷ്ട്രയുടെ ഐശ്വര്യ കൈൽ മിശ്ര (23.04) വെള്ളി സ്വന്തമാക്കി. അപ്രതീക്ഷിതമായി പെയ്ത മഴയിൽ മീറ്റ് ഒരുമണിക്കൂർ നിർത്തിവച്ചു.