പുണെ
ഏഴാമനായി ഇറങ്ങിയ ബൗളർ പാറ്റ് കമ്മിൻസ് ബാറ്റുകൊണ്ട് അത്ഭുതം കാണിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നൽ വിജയം. ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത ഒന്നാമതെത്തി. 15 പന്തിൽ 56 റണ്ണടിച്ച ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ നാല് ഓവർ ബാക്കിയിരിക്കെ കളി തീർത്തു. സ്കോർ: മുംബൈ 4–-161, കൊൽക്കത്ത 5–-162 (16).
ആറ് സിക്സറും നാല് ഫോറും പറത്തിയ പേസർ 14 പന്തിൽ വേഗമേറിയ അർധ സെഞ്ചുറി നേടി കെ എൽ രാഹുലിനൊപ്പം റെക്കോഡ് പങ്കിട്ടു. നാട്ടുകാരനായ ഡാനിയൽ സാംസ് എറിഞ്ഞ പതിനാറാം ഓവറിൽ നേടിയത് 35 റൺ. വെങ്കിടേഷ് അയ്യർ 50 റണ്ണുമായി മറുവശത്ത് വെടിക്കെട്ട് ആസ്വദിച്ചു.
അർധസെഞ്ചുറിയുമായി സൂര്യകുമാർ യാദവാണ് (36 പന്തിൽ 52) മുംബൈയ്ക്ക് പൊരുതാനുള്ള സ്കോർ നൽകിയത്. അഞ്ചുപന്തിൽ 22 റണ്ണുമായി കീറൻ പൊള്ളാർഡും 27 പന്തിൽ 38 റണ്ണുമായി തിലക് വർമയും പുറത്താകാതെനിന്നു.