കൊച്ചി
ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. ഒക്ടോബർമുതൽ മാർച്ചുവരെ നീളുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കും. ഉദ്ഘാടനമത്സരത്തിനും വേദിയായേക്കും. ആഗസ്തോടെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പരിശീലനം തുടങ്ങും.
ടീമിന്റെ കൊച്ചിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) സഹായം നൽകും. സ്റ്റേഡിയം പരിസരം കൂടുതൽ ആകർഷകമാക്കും. അശാസ്ത്രീയ പാർക്കിങ് നിയന്ത്രിക്കാൻ മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തും.
ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയത്തിന് സ്ഥലം ലഭ്യമാക്കും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ളയും ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഭരദ്വാജും ചർച്ച നടത്തി.