ലണ്ടൻ
അത്ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധക്കോട്ടയിൽ കെവിൻ ഡി ബ്രയ്ൻ തീതുപ്പി. ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി ഡിബ്രയ്ന്റെ ഒറ്റ നീക്കത്തിൽ 1–-0ന് ജയംകുറിച്ചു. മറ്റൊരു ക്വാർട്ടറിൽ ബെൻഫിക്കയെ 3–-1ന് തകർത്ത് ലിവർപൂൾ സെമിയിലേക്ക് അടുത്തു. ബെൻഫിക്കയുടെ തട്ടകത്തിലായിരുന്നു കളി.
സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ അത്ലറ്റികോയ്ക്കെതിരെ സിറ്റി ആദ്യം വിഷമിച്ചു. ദ്യേഗോ സിമിയോണിയുടെ പേരുകേട്ട പ്രതിരോധക്കളി സിറ്റിക്ക് പഴുതൊന്നും നൽകിയില്ല. ഏവരും പിന്നിലേക്ക് വലിഞ്ഞുനിന്ന അത്ലറ്റികോ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്റെ കളിയൊഴുക്കിനെ തടഞ്ഞു. എന്നാൽ, പകരക്കാരനായെത്തിയ ഫിൽ ഫോദെൻ കളി തീരാൻ 20 മിനിറ്റ് ശേഷിക്കെ നടത്തിയ മാന്ത്രികനീക്കം അത്ലറ്റികോയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തി. ആ നീക്കം പിടിച്ചെടുത്ത് ഡി ബ്രയ്ൻ സിറ്റിയുടെ വിജയഗോൾ തൊടുക്കുകയും ചെയ്തു. റെയ്നിൽഡോയുടെ കാലുകൾക്കിടയിലൂടെയായിരുന്നു ഫോദന്റെ പാസ്. ഡി ബ്രയ്ന്റെ ഷോട്ട് ഗോൾ കീപ്പർ യാൻ ഒബ്ലാക്കിനെ കീഴടക്കി.
ആദ്യ ഗോൾ വീണശേഷം രണ്ടുതവണ സിറ്റി ലീഡ് ഉയർത്താൻ ശ്രമിച്ചു. ഒരുതവണ ഡി ബ്രയ്ന്റെ ഷോട്ട് സ്റ്റെഫാൻ സാവിച്ച് വരയ്ക്കരികെനിന്ന് അകറ്റി. ഡി ബ്രയ്ന്റെ ഫ്രീകിക്ക് അത്ലറ്റികോ യാൻ ഒബ്ലാക്ക് തടയുകയും ചെയ്തു. ഐമറിക് ലപോർട്ടിന്റെ ഹെഡർ പുറത്തേക്കായി.
പതിമൂന്നിന് അത്ലറ്റികോ തട്ടകത്തിലാണ് രണ്ടാംപാദം. ലിസ്ബണിൽ അരമണിക്കൂർ കഴിയുമ്പോഴേക്കും ലിവർപൂൾ ബെൻഫിക്കയ്ക്കെതിരെ രണ്ട് ഗോൾ നേടിയിരുന്നു. ഇബ്രാഹിമ കൊനാറ്റയും സാദിയോ മാനെയും ലക്ഷ്യം കണ്ടു. ഡാർവിൻ ന്യൂനെസ് ബെൻഫിക്കയ്ക്കായി ഒരെണ്ണം തിരിച്ചടിച്ചെങ്കിലും കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കെ ലൂയിസ് ഡയസ് ലിവർപൂളിന്റെ ഗോളെണ്ണം കൂട്ടി.