കൊളംബോ
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നത് ശ്രീലങ്കയിലെ 2.2 കോടിയോളം വരുന്ന ജനങ്ങളെ പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബിവർധന. ഭക്ഷ്യ, ഇന്ധന ദൗർലഭ്യം അതിന്റെ പാരമ്യതയിലാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും. 1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. കൂടുതൽ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സംവാദത്തിൽ അബിവർധന പറഞ്ഞു.
രാജിവയ്ക്കില്ലെന്ന്
രജപക്സെ
രാജ്യത്ത് ജനകീയപ്രക്ഷോഭം ആളിക്കത്തുകയും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തെങ്കിലും രാജിവയ്ക്കില്ലെന്ന് പ്രസിഡന്റ് ഗോതബായ രജപക്സെ. എന്തുവന്നാലും രാജിവയ്ക്കില്ല, പ്രശ്നം സർക്കാർ നേരിടുമെന്നും ചീഫ് വിപ് മന്ത്രി ജോൺസ്റ്റൺ ഫെർണാഡോ പറഞ്ഞു.
അടിച്ചമർത്തലുകളെ വെല്ലുവിളിച്ച് ലങ്കയിൽ ജനകീയ പ്രക്ഷോഭം ആഞ്ഞടിക്കുകയാണ്. പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാസേന കണ്ണീർവാതകവും ജലപീരങ്കിയും റബർ വെടിയുണ്ടകളും പ്രയോഗിച്ചു. അറുപതോളം പേരെ അറസ്റ്റ് ചെയ്തു. പൊലീസ് പിടിയിൽ ഇവർ ക്രൂരമായി ഉപദ്രവിക്കപ്പെട്ടെന്ന് ആളുകൾ പറഞ്ഞു. പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്ത് മരുന്നുകിട്ടാനില്ലെന്നും രോഗികള്‍ക്ക് ഔഷധം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ലങ്കയില്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച രാജ്യത്താകമാനം പ്രതിഷേധപ്രകടനം നടത്തി.
കെടുകാര്യസ്ഥത രൂക്ഷം
സർക്കാരിന്റെ കെടുകാര്യസ്ഥതയും വർഷങ്ങളായുള്ള കടമെടുപ്പും അനാവശ്യ നികുതിയിളവും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ശ്രീലങ്കയുടെ 5100 കോടി ഡോളറിന്റെ (ഏകദേശം 3,87,198 കോടി രൂപ ) കടം സംബന്ധിച്ച് റേറ്റിങ് ഏജൻസികൾ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രാസവളം ഇറക്കുമതി നിരോധിച്ചത് രാജ്യത്തെ ക്ഷാമത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ കാർഷികവകുപ്പ് സെക്രട്ടറി ഉദിത് ജയസിംഗെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം അദ്ദേഹത്തെ പുറത്താക്കി.