ന്യൂഡൽഹി
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർക്ക് സ്വകാര്യആവശ്യങ്ങൾക്ക് വിദേശത്ത് പോകാൻ അനുമതി വാങ്ങണമെന്ന കേന്ദ്ര സർക്കാർ നിർദേശം റദ്ദാക്കി ഡൽഹി ഹൈക്കോടതി. ജഡ്ജിമാർ ‘പൊളിറ്റിക്കൽ ക്ലിയറൻസ്’ തേടണമെന്നാണ് 2021 ജൂലൈയിലെ വിദേശമന്ത്രാലയ നിർദേശം. ഇത് ജഡ്ജിമാരെ അവഹേളിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കാട്ടി അമൻവചർ എന്ന വ്യക്തിയാണ് ഹര്‍ജിനല്‍കിയത്.
എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സഹായം നൽകാനാണ് വിവരങ്ങള്‍ തേടുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചു. പാസ്പോർട്ട്, വിസ വിഭാഗം മുഖേന സർക്കാരിന് യാത്രാവിവരം ലഭിക്കുന്നുണ്ടെന്നും ജഡ്ജിമാർക്ക് വിദേശത്ത് ആവശ്യം ഉണ്ടായാൽ സഹായിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.