കൊച്ചി
അസംസ്കൃത എണ്ണവിലയുടെ പേരിൽ ജനങ്ങളെ വിഡ്ഢികളാക്കി ഇന്ധനവില അനുദിനം കുട്ടുകയാണ് കേന്ദ്രസർക്കാർ. പെട്രോൾ 115ഉം ഡീസൽ 102ഉം കടന്നു. 14 ദിവസത്തിനുള്ളിൽ 12 തവണ കൂട്ടി. അന്താരാഷ്ട്ര വിപണിയിയെ കൂട്ടുപിടിച്ചുള്ള ഈ കരിങ്കൊള്ള ശുദ്ധതട്ടിപ്പെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി നിർത്തിവെച്ച ഇന്ധനവില വർധിപ്പിക്കൽ മാർച്ച് 22നാണ് വീണ്ടും കൂട്ടി തുടങ്ങിയത്.
അന്ന് അംസ്കൃത എണ്ണയ്ക്ക് 115.48 ഡോളറായിരുന്നു. പത്തു ദിവസത്തിനുള്ളിൽ ഇത് 7.57 ഡോളർ കുറഞ്ഞ് 107. 91 ആയി. പക്ഷെ ഇന്ധനവില അന്നും ഉയർന്നു.
ഏപ്രിൽ ഒന്നിന് എണ്ണവില 104.39 ഡോളറായി. നിലവിൽ 103 ഡോളറും. നാല് ദിവസംകൊണ്ട് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 4.21 ഡോളർ കുറഞ്ഞപ്പോൾ പെട്രോളിന് 2.18 രൂപയും ഡീസലിന് 2.10 രൂപയും കൂട്ടുകയാണ് കേന്ദ്രം ചെയ്തത്. ഒപ്പം വാണിജ്യ സിലിണ്ടറിന് 258.50 രൂപയും ഒരു കിലോ സിഎൻജിക്ക് ഒമ്പത് രൂപയും കൂട്ടി.
മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന് 107 രൂപയും മാർച്ച് 22ന് ഗാർഹിക സിലിണ്ടറിന് 50 രൂപയും കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന് ഒമ്പത് മാസത്തിനുള്ളിൽ 997.50 രൂപയും ഗാർഹിക സിലിണ്ടറിന് 11 മാസത്തിനുള്ളിൽ 305.50 രൂപയും കൂട്ടി.