തിരുവനന്തപുരം
മഴക്കാല പകർച്ചവ്യാധികൾ നേരിടുന്നതിനായി സർക്കാർ ആശുപത്രികളിലെ സൗജന്യ വിതരണത്തിന് 500 കോടിയുടെ അവശ്യമരുന്നുകൾ സംഭരിച്ചു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം മെഡിക്കൽ സർവീസസ് കോർപറേഷനാണ് പത്തുവർഷത്തെ മഴക്കാല രോഗങ്ങൾ വിലയിരുത്തി മരുന്ന് സംഭരിച്ചത്. പകർച്ചവ്യാധികൾ പിടിപെടുന്നവർക്ക് കോവിഡ് ബാധയുണ്ടായാൽ നേരിടാനുള്ള സാഹചര്യവും ഉറപ്പുവരുത്തിയാണ് നടപടി.
മഴക്കാലപൂർവ രോഗങ്ങളുടെ അവലോകന യോഗവും മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്നു. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കും. ഇതിനാവശ്യമായ മരുന്നുകളും മെഡിക്കൽ സർവീസസ് കോർപറേഷൻ കരുതൽ ശേഖരമായി സംഭരിച്ചിട്ടുണ്ട്.
ഡെങ്കി, എലിപ്പനി
ജാഗ്രത വേണം
കഴിഞ്ഞ വർഷം മഴക്കാലത്ത് കോവിഡിനൊപ്പം വ്യാപകമായത് ഡെങ്കി, എലിപ്പനി രോഗങ്ങളാണ്. ഡെങ്കിപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്തും എലിപ്പനി കൂടുതലുണ്ടായിരുന്ന എറണാകുളത്തും കരുതൽ മരുന്ന് ശേഖരം വർധിപ്പിക്കും. എല്ലാ ജില്ലയിലും ജാഗ്രതവേണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. തദ്ദേശഭരണ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കണം. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണവും ഉറപ്പാക്കാനും തീരുമാനിച്ചു.
പ്രതിരോധത്തിനായി പ്രത്യേക സംഘം
കോവിഡ് ഇതര പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ പ്രത്യേക സംഘത്തിനും രൂപം നൽകി. എല്ലാ ആഴ്ചയും ഐഡിഎസ്പി യോഗംചേർന്ന് സ്ഥിതി വിലയിരുത്തും. രോഗങ്ങളെ സംബന്ധിച്ച കുറിപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. മലേറിയ, കുഷ്ഠം, മന്തുരോഗം, കാലാഅസർ (കരിമ്പനി) തുടങ്ങിയവയുടെ നിർമാർജനം ഊർജിതമാക്കും. മലേറിയ മൈക്രോസ്കോപ്പി ട്രെയിനിങ് നൽകും. കാലാഅസർ പ്രതിരോധത്തിന് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. എലിപ്പനി പടരാതിരിക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. നിപായ്ക്കെതിരെ ജാഗ്രത വേണമെന്നും യോഗം വിലയിരുത്തി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.