തിരുവനന്തപുരം
കെ–- റെയിൽ സാമൂഹ്യാഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകൾക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ഇത്തരം ഭൂമി ഈടായി സ്വീകരിക്കാൻ വിസമ്മതിച്ചതായുള്ള രണ്ട് സംഭവം ശ്രദ്ധയിൽപ്പെട്ടു. രണ്ട് സംഘത്തെയും നിജസ്ഥിതി ബോധ്യപ്പടുത്തി പ്രശ്നം പരിഹരിച്ചു.
സാമൂഹ്യാഘാത പഠനത്തിനായാണ് കല്ലിടൽ നടക്കുന്നത്. ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ നാലിരട്ടി വില നൽകും. അപ്പോൾ ബാങ്കുകളുടെ ബാധ്യത തീർക്കുന്നതിനാണ് ആദ്യ പരിഗണന. ഇത് കഴിഞ്ഞുള്ള തുകയേ വസ്തു ഉടമയ്ക്ക് നൽകൂ. സർവേ പ്രദേശങ്ങളിലെ ഭൂമി ഈടായി വാങ്ങിയാൽ ബാങ്കുകൾക്ക് വായ്പാ തിരിച്ചടവിൽ കൂടുതൽ ഉറപ്പ് ലഭിക്കുകയാണ്. സഹകരണ ബാങ്കുകളിൽ ഇത്തരം ഭൂമി ഈടായി കാട്ടിയുള്ള വായ്പാ അപേക്ഷകൾ നിഷേധിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.