തിരുവനന്തപുരം
ഐഎൻടിയുസി കോൺഗ്രസിന്റെ പ്രധാന പോഷകസംഘടനയാണെന്നും എഐസിസിയുടെയും കെപിസിസിയുടെയും ഔദ്യോഗിക രേഖകളിലും സർക്കുലറുകളിലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രുവായ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെയാണ് പണിമുടക്ക് നടത്തിയതെന്നത് ആക്ഷേപിക്കുന്നവർ മറക്കരുത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഓരോ തൊഴിലാളിക്കും മനോവേദനയുണ്ടാക്കി. അത് പരിഹരിച്ചേ പറ്റൂ.
ഏഷ്യനെറ്റിനു മുന്നിലേക്ക് സമരം നടത്തിയത് ചാനലിനെതിരെയല്ല. അവതാരകനെതിരെയാണ്. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ഭാരവാഹികളാണ് താനും എളമരം കരീമും കെ പി രാജേന്ദ്രനും. അതിൽ ഏതെങ്കിലും ഒരാളെ അധിക്ഷേപിച്ചാൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഐഎൻടിയുസി പ്ലാറ്റിനം ജൂബിലിയാഘോഷം മെയ് മൂന്നിന് തിരുവനന്തപുരത്ത് നടക്കുമെന്നും ആഘോഷം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസി പോഷകസംഘടനകളേക്കാൾ
മുകളിൽ: കെ സുധാകരൻ
ഐഎൻടിയുസി കോൺഗ്രസിന്റെ അവിഭാജ്യഘടകമാണെന്നും പോഷകസംഘടനയേക്കാൾ മുകളിലാണ് അതിന്റെ സ്ഥാനമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
ഒരു പോഷകസംഘടനയുടെയും അഖിലേന്ത്യ പ്രസിഡന്റ് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലില്ലെങ്കിലും ഐഎൻടിയുസി പ്രസിഡന്റുണ്ട്. അത്രമാത്രം പ്രാധാന്യമാണ് ഐഎൻടിയുസിക്ക് നൽകുന്നത്. കേരളത്തിലെ 17 ലക്ഷം ഐഎൻടിയുസിക്കാരെ ഒഴിവാക്കി കോൺഗ്രസിന് മുന്നോട്ടുപോകാനാകില്ല.
അമിതമായ പ്രാധാന്യം ഐഎൻടിയുസിക്ക് നൽകാൻ അടുത്തയാഴ്ച ചർച്ച നടത്തും. പ്രതിപക്ഷ നേതാവിനെതിരെ ഐഎൻടിസുസിക്കാർ പ്രകടനം നടത്തിയത് അച്ചടക്കലംഘനമാണ്. അവർക്കെതിരെ നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.