അഴിമതിഗ്രസ്തമായ കുടുംബവാഴ്ചയ്ക്കെതിരെ ജനവികാരം വളർത്തുന്നതിൽ ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർടിയായ ജനത വിമുക്തി പെരമുനയുടെ പങ്ക് നിർണായകം. പാർലമെന്റിൽ ആറംഗങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും പാർലമെന്റിലും തെരുവിലും ജെവിപി നടത്തുന്ന ഇടപെടൽ തന്നെയാണ് മഹിന്ദ രജപക്സെയുടെയും മന്ത്രിസഭയുടെയും രാജിയിൽ കലാശിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ ദുരന്തങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി മുതലാളിത്ത സാമ്പത്തിക നയങ്ങളെക്കുറിച്ച് അവരിൽ രാഷ്ട്രീയ ധാരണ ഉണ്ടാക്കുന്നതിൽ ജെവിപി വിജയിച്ചു. ശ്രീലങ്കയ്ക്കുമേൽ മൂടിയ കാർമേഘങ്ങൾക്കിടയിൽ കാണുന്ന ഏക രജതരേഖയായാണ് ആറേഴു മാസങ്ങളായി പാർടി നടത്തുന്ന പ്രചാരണങ്ങളെ ജെവിപി വിശേഷിപ്പിക്കുന്നത്. ഭരണപക്ഷത്തിന്റെ കോർപറേറ്റ് അനുകൂല നയങ്ങളെ എതിർക്കുന്നതോടൊപ്പം ഇതേ നയങ്ങൾ പിന്തുടരുന്ന പ്രതിപക്ഷ നിരയിലെ പാർടികളെയും തുറന്നുകാട്ടുകയാണ് ദൗത്യം. മുതലാളിത്ത സാമ്പത്തിക നയങ്ങളെ ഭരണ പ്രതിപക്ഷ പാർടികൾ ഒരുപോലെ അനുകൂലിക്കുമ്പോൾ ജനങ്ങളുടെ ശബ്ദമായി മാറുകയാണ് ജെവിപി. ഗ്രാമ-–-നഗരഭേദമില്ലാതെ ജനങ്ങൾ കൂടുതലായി പാർടിക്കൊപ്പം അണിനിരക്കുന്നു. തൊഴിലാളികളിലും കർഷകരിലും മധ്യവർഗത്തിലും ഒരുപോലെ സ്വാധീനമുറപ്പിക്കാൻ കുറച്ചു നാളുകളായി സാധിക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിനും സ്വീകാര്യത വർധിച്ചു. ജനം സ്വയം സംഘടിച്ചു നേതാക്കളെ പ്രസംഗിക്കാൻ ക്ഷണിക്കുന്ന സ്ഥിതിയുണ്ട്.
സർക്കാരിനെതിരെയുള്ള വികാരം ലിബറൽ ശക്തികളും അരാജകവാദികളും മുതലെടുക്കുന്നത് തടയാനും ജെവിപിയുടെ ഇടപെടൽകൊണ്ട് സാധിച്ചുവെന്ന് പൊളിറ്റ്ബ്യൂറോ അംഗം ബിമൽ രത്നായകെ പറഞ്ഞു.
വലതുപക്ഷ നയങ്ങളുടെ ഫലമാണ് വിലക്കയറ്റവും പാചക വാതക ക്ഷാമവും ഡീസൽ ദൗർബല്യവും പവർകട്ടും എന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയ ധാരയ്ക്ക് ശക്തിയേകും. രാസവളം നിരോധിച്ച് ജൈവ കൃഷി അടിച്ചേൽപ്പിച്ചതിൽ കർഷകരിൽ അടങ്ങാത്ത രോഷമാണുള്ളത്. ഇതിന്റെ പേരിലുള്ള സമരങ്ങളെ ഏകോപിപ്പിക്കാനായി. വംശീയതയ്ക്കെതിരെയും പ്രചാരണം നടത്തുന്നു. തമിഴ്, മുസ്ലിം വിഭാഗങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്തുള്ള സമരങ്ങൾ വലിയ സ്വീകാര്യത നൽകി.
സിപിഐ എമ്മുമായി
ആത്മബന്ധം
സിപിഐ എമ്മുമായി സാഹോദര്യബന്ധം പുലർത്തുന്ന പാർടിയാണ് ജെവിപി. ഇടതു മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഏകോപിക്കുന്ന സിപിഐ എം ശ്രമങ്ങളെ ജെവിപി വിലമതിക്കുന്നു. ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും നേപ്പാളിലെയും ഇന്ത്യയിലെയും ജനങ്ങൾക്കിടയിൽ ഒരു പാലമായി പ്രവർത്തിക്കാൻ കമ്യൂണിസ്റ്റ് പാർടികൾക്ക് കഴിയുന്നു. ഈ ഏകോപനം കൂടുതൽ ശക്തമാക്കണം.ജയവർധനെ ഭരണകൂടം ജെവിപി നേതാക്കളെ വേട്ടയാടി കൂട്ടക്കൊല ചെയ്തപ്പോൾ പല നേതാക്കൾക്കും അഭയം നൽകിയത് കേരളമാണ്. കേരളവുമായി ചരിത്രപരമായ ബന്ധം ഞങ്ങൾക്കുണ്ട്–-ബിമൽ രത്നായകെ പറഞ്ഞു.