തിരുവനന്തപുരം
സംസ്ഥാനത്ത് സഹകരണ സംഘങ്ങളിലെ നിക്ഷേപം 2,46,525 കോടിയായി ഉയർന്നു. കേരള ബാങ്ക് നിക്ഷേപം ഒഴികെയാണിത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെ നിക്ഷേപം 1,14,106 കോടിയായതായും മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സഹകരണ നിക്ഷേപ യജ്ഞത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അർബൻ ബാങ്കുകളിലെ നിക്ഷേപം 16,663.31 കോടിയാണ്. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളുടേത് 335 കോടിയും ഇതര സഹകരണ സംഘങ്ങളുടേത് 13,394 കോടിയുമാണ്. എംപ്ലോയീസ് കോ–-ഓപ്പറേറ്റീവ്, അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ്, മൾട്ടി പർപ്പസ് സൊസൈറ്റികളുടെ ആകെ നിക്ഷേപം 27,89 കോടിയാണ്.
നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 6000 കോടി രൂപ സമാഹരിക്കൽ ലക്ഷ്യമിട്ടു. 7254 കോടി നേടി. കേരള ബാങ്കിന് 1025 കോടി അധിക നിക്ഷേപമുണ്ടായി. കോവിഡ്, സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും മികച്ച നേട്ടമാണിതെന്ന് മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിക്ഷേപക ഗ്യാരന്റി സ്കീമിന്റെ പരിരക്ഷയില്ലെന്ന വസ്തുതാവിരുദ്ധ പ്രചാരണത്തിനിടയിലാണ് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ മികച്ച വിജയം. കൂടുതൽ നിക്ഷേപം എറണാകുളം ജില്ലയിലാണ്–- 506.89 കോടി. 463 കോടി സമാഹരിച്ച കണ്ണൂർ രണ്ടാം സ്ഥാനത്തും. മലപ്പുറം ജില്ലാ ബാങ്കിൽ 433 കോടിയുടെ നിക്ഷേപ വർധനയുണ്ട്.