തിരുവനന്തപുരം
തർക്കം മുറുകിയിരിക്കെ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായും വി ഡി സതീശനുമായും സുധാകരൻ ചർച്ച നടത്തിയെങ്കിലും മഞ്ഞുരുകിയില്ല. പോഷക സംഘടനയല്ലെന്ന വാദത്തിലുറച്ചുനിന്ന വി ഡി സതീശൻ തനിക്കെതിരെ ചങ്ങനാശേരിയിലും കഴക്കൂട്ടത്തും പ്രകടനം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
ഐഎൻടിയുസി കോൺഗ്രസിന്റെ അവിഭാജ്യഘടകമാണെന്ന് ചർച്ചയ്ക്കുശേഷം കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഐഎൻടിയുസിയെ ഇളക്കിവിട്ടതിനു പിന്നിൽ ചെന്നിത്തലയാണെന്നാണ് വി ഡി സതീശനും കെ സി വേണുഗോപാലും ഹൈക്കമാൻഡിനെ അറിയിച്ചത്. ആർ ചന്ദ്രശേഖരനും കെ സുധാകരനും തമ്മിൽ തിങ്കളാഴ്ച രാവിലെ പ്രത്യേകം കൂട്ടിക്കാഴ്ച നടത്തിയിരുന്നു.
വി ഡി സതീശന്റെ പരാമർശത്തിലുള്ള കടുത്ത അതൃപ്തി കെ സുധാകരനോട് പ്രകടിപ്പിച്ചശേഷമാണ് ആർ ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയത്. സതീശന്റെ പ്രസ്താവനയോടെ ഐഎൻടിയുസി പ്രവർത്തകർക്ക് അനാഥത്വം അനുഭവപ്പെടുകയാണെന്നായിരുന്നു ചന്ദ്രശേഖരൻ പറഞ്ഞത്. വാർത്താസമ്മേളനത്തിൽ കടുത്ത നിലപാട് എടുക്കരുതെന്ന് കെ സുധാകരൻ നിർദേശിച്ചതായാണ് സൂചന. ഇതിനുശേഷമാണ് വൈകിട്ട് വി ഡി സതീശനും ആർ ചന്ദ്രശേഖരനും കെ സുധാകരനും തമ്മിൽ ചർച്ച നടത്തിയത്. ഈ ചർച്ചയിലും രണ്ടു കൂട്ടരും നിലപാടിൽ ഉറച്ചുനിന്നതേയുള്ളൂ.
വേട്ടയാടുന്നുവെന്ന് ചെന്നിത്തലയുടെ പരാതി
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച് വി ഡി സതീശനും സംസ്ഥാന നേതൃത്വത്തിനും എതിരെ പരാതി നൽകി. തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണ്.
ഒരു കാര്യത്തിലും കൂടിയാലോചന നടത്താതെ നിരന്തരം അവഗണിക്കുകയാണെന്നും ചെന്നിത്തല പരാതിപ്പെട്ടു. വി ഡി സതീശൻ, കെ സി വേണുഗോപാൽ കൂട്ടുകെട്ടിനെതിരെ ചെന്നിത്തല നിരവധി പരാതിയാണ് നൽകിയത്. സോണിയയെ കാണാൻ ഡൽഹിക്ക് പോകുന്നതിനുമുമ്പ് കെ സുധാകരനുമായി ചെന്നിത്തല ചർച്ച നടത്തി.
കെ സി വേണുഗോപാലും വി ഡി സതീശനും ഒരു ചേരിയിലും കെ സുധാകരനും ചെന്നിത്തലയും മറുവശത്തുമാണ്. എ ഗ്രൂപ്പും ഉമ്മൻചാണ്ടിയും കാത്തിരുന്നു കാണാമെന്ന നിലപാടിലാണ്.