തിരുവനന്തപുരം
സാമ്പത്തികത്തകർച്ച ഇന്ത്യയുടെ ഭാവി ആശങ്കയിലാക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കടം കുതിച്ചുയരുന്നു. ഇതിൽനിന്ന് കരകയറാനുള്ള കൈകാലിട്ടടിയുടെ ഭാഗമായാണ് അടിക്കടി പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില ഉയർത്തുന്നതെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നടപ്പുവർഷത്തെ കേന്ദ്ര ബജറ്റിൽ രാജ്യത്തിന്റെ മൊത്തവരുമാനം 39.44 ലക്ഷം കോടി രൂപയാണെന്ന് പറയുന്നു. ഇതിൽ 17.41 ലക്ഷം കോടി കടംവഴിയാണ്. മൊത്തം വരുമാനത്തിന്റെ പകുതിയോളമാണ് കടം (42 ശതമാനം). കേരളത്തിന്റെ കടം ഏതാണ്ട് 20 ശതമാനമാണ്. ഇതിനെ കടക്കെണിയെന്നു പറയുന്നവർക്ക് കേന്ദ്രത്തിന്റെ കണക്കില്ലാത്ത കടമെടുപ്പിനെക്കുറിച്ച് മിട്ടാണ്ടമില്ല.
റവന്യു വരുമാനത്തിൽ 65,000 കോടി പൊതുമേഖല വിറ്റഴിച്ച് സംഘിടിപ്പിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിയുന്നു. കുത്തകകൾക്കായി രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ ഒന്നൊന്നായി കേന്ദ്ര സർക്കാർ അടയ്ക്കുന്നു. 2018–-19ൽ കോർപറേറ്റ് നികുതിവരുമാനം 6.64 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞ വർഷം 5.58 ലക്ഷം കോടിയും.
വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള വരുമാനം കുത്തനെ ഇടിയുന്നു. വിലക്കയറ്റം അതിന്റെ പാരമ്യത്തിലെത്തുന്നതും സമ്പദ്ഘടന പൂർണമായും തകരുന്നതുമായ കാലം അതീവ വിദൂരമല്ലെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ഇന്ധന നികുതി
കുറയ്ക്കാനാകില്ല
ഇന്ധനങ്ങൾക്ക് വൻതോതിൽ സെസിന്റയും സർചാർജിന്റെയും പേരിൽ വലിയ നികുതി ചുമത്തുന്ന കേന്ദ്രമാണെന്നും സംസ്ഥാനം നികുതി കുറയ്ക്കണമെന്ന വാദം ന്യായമല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും പൊതുവിൽപ്പന നികുതി ചുമത്താൻ സംസ്ഥാനത്തിന് മാത്രമാണ് അവകാശം. എന്നിട്ടും കേന്ദ്രം അനധികൃതമായി നികുതി പിരിച്ചെടുക്കുകയാണ്.
ഈ വർഷം സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ 30,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. റവന്യു കമ്മി ഗ്രാന്റായും ജിഎസ്ടി നഷ്ടപരിഹാരമായും കേന്ദ്ര നികുതി വിഹിതമായും ലഭിക്കേണ്ട തുകയാണ് നിഷേധിക്കുന്നത്. സംസ്ഥാനത്തിന്റെ ചെലവും സാമൂഹ്യ സുരക്ഷാമേഖലയിലെ ഇടപെടലുകളും ഒട്ടും കുറയ്ക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു.