ആലപ്പുഴ
ദേശീയപാത 66 വികസനത്തിന് ജില്ലയിൽ 3 ജി വിജ്ഞാപനമായ മുഴുവൻ ഭൂമിയും ഏറ്റെടുത്തു. ഭൂമി കരാർ കമ്പനിക്ക് ഈ മാസം കൈമാറും. 1800 കോടിയുടെ നഷ്ടപരിഹാരവും വിതരണംചെയ്തു. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവർക്ക് നൽകാനുള്ള 900 കോടി പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി. രേഖകൾ സമർപ്പിക്കുന്നവർക്ക് 25ന് മുമ്പ് നഷ്ടപരിഹാരം കൈമാറാനുള്ള നടപടി പുരോഗമിക്കുന്നു.
ദേശീയപാത ആറുവരിയാക്കാൻ തുറവൂർ– പറവൂർ, പറവൂർ–- കൊറ്റംകുളങ്ങര റീച്ചിലെയും കൊറ്റംകുളങ്ങര– കാവനാട് റീച്ചിലെ ഓച്ചിറവരെയും ജില്ലയിൽ 106 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 3 ജി വിജ്ഞാപനമായത് 97 ഹെക്ടറാണ്. സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാര വിതരണവും ഉൾപ്പെടുന്നതാണ് 3 ജി നോട്ടിഫിക്കേഷൻ. അലൈൻമെന്റ് വ്യത്യാസമൊക്കെ വരുന്നതിനാൽ 94 ഹെക്ടറാണ് ഏറ്റെടുത്തത്. ഇതിനായി 2750 രൂപ നിക്ഷേപിച്ചിരുന്നു. ഇതിൽ 1800 കോടിയാണ് ഭൂവുടമകൾക്ക് നൽകിയത്. ദേശീയപാത അതോറിറ്റി പ്രോജക്ട് ഓഫീസറുടെയും ജില്ലയിലെ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടറുടെയും സംയുക്ത അക്കൗണ്ടിലേക്കാണ് 900 കോടി മാറ്റിയിരിക്കുന്നത്. ഭൂമി വിട്ടുനൽകിയ 7633 പേരിൽ 5000ഓളം പേർക്ക് നഷ്ടപരിഹാരം നൽകി. രേഖകൾ സമർപ്പിച്ചതിൽ പിഴവുപറ്റിയ 1000 പേരോളമുണ്ട്. ഇവർക്കാണ് 25ന് മുമ്പ് തുക കൈമാറുക.
കഴിഞ്ഞ 31ന് മുമ്പ് നഷ്ടപരിഹാരത്തുക വിതരണം പൂർത്തിയാക്കാൻ കലക്ടറേറ്റിൽ റാപ്പിഡ് ആക്ഷൻ യൂണിറ്റ് തുടങ്ങിയിരുന്നു. അവശേഷിക്കുന്ന ആയിരത്തോളം പേർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ (എൽഎ എൻഎച്ച്) ജി ശ്രീകുമാർ പറഞ്ഞു.