കോഴിക്കോട്
സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ധീരസ്മരണ തുടിക്കുന്ന നാട്ടിടങ്ങളും നഗരഭൂമികയും ഹൃദയത്തിലേറ്റി ചെമ്പതാകയുടെ പ്രയാണം. സിപിഐ എം 23–-ാം പാർടി കോൺഗ്രസ് സമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാക ചൊവ്വാഴ്ച കണ്ണൂരിന്റെ മണ്ണിൽ. വയലാർ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെട്ട പതാകജാഥ തിങ്കളാഴ്ച മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു. പൊരിവെയിലിലും ജാഥയെ വരവേൽക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി.
ഐക്കരപ്പടി പതിനൊന്നാംമൈലിൽ ജാഥാ ക്യാപ്റ്റൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിൽനിന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഏറ്റുവാങ്ങി. ക്യാപ്റ്റനെയും ജാഥാ മാനേജർ സി ബി ചന്ദ്രബാബുവിനെയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഷാൾ അണിയിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രദീപ്കുമാർ, കെ കെ ലതിക എന്നിവരും സ്വീകരണകേന്ദ്രത്തിലെത്തി. രാമനാട്ടുകരയിൽ തുടങ്ങി പേരാമ്പ്രയിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. ചൊവ്വ രാവിലെ പത്തരയോടെ ഇരിങ്ങണ്ണൂരിലെത്തി കണ്ണൂരിലേക്ക് കടക്കും.
കണ്ണൂരിലേക്കുള്ള കൊടിമരജാഥ ഉദ്ഘാടന ചടങ്ങിൽ കയ്യൂരിൽ പങ്കെടുത്തവർ
കൊടിമരജാഥ കയ്യൂരിൽ തുടങ്ങി
കയ്യൂർ രക്തസാക്ഷികളുടെ മണ്ണിൽനിന്ന് സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ കൊടിമരജാഥയ്ക്ക് തുടക്കം. ചുവപ്പ് വളന്റിയർമാരുടെ നേതൃത്വത്തിൽ ജാഥ ചൊവ്വാഴ്ച കണ്ണൂരിലേക്കെത്തും.
കയ്യൂരിനെ ആവേശക്കൊടുമുടിയിലാക്കിയ ചടങ്ങിലായിരുന്നു ജാഥയുടെ ഉദ്ഘാടനം. ‘ഞങ്ങൾ കഴുമരം കയറിയാലും പോരാട്ടം ലക്ഷ്യസ്ഥാനത്തെത്തും’ എന്നു പ്രഖ്യാപിച്ച കയ്യൂർ രക്തസാക്ഷികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നിവരുടെ ജ്വലിക്കുന്ന ഓർമകൾ ചടങ്ങിൽ അലയടിച്ചു.
ചെറിയാക്കരയിലെ മൂന്നു പാർടി ബ്രാഞ്ചുകൾ ചേർന്നാണ് തേക്കുമരത്തിൽ കൊടിമരം തയ്യാറാക്കിയത്. കമ്യൂണിസ്റ്റ് കർഷകപോരാട്ടചരിത്രം ആലേഖനം ചെയ്ത കൊടിമരത്തിന്റെ ഉയരം 11 മീറ്ററാണ്. ചൊവ്വ രാവിലെ ഒമ്പതിന് ജാഥ പ്രയാണം ആരംഭിക്കും. നന്ദാവനം, പുതിയകണ്ടം, ചെറുവത്തൂർ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണശേഷം, കാലിക്കടവിൽ ജാഥയെ കണ്ണൂരിലേക്ക് വരവേൽക്കും.