മാവേലിക്കര
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവം അലങ്കോലമാക്കിയ ആർഎസ്എസുകാർ ഹൈന്ദവകരയോഗം ഭാരവാഹികളെ ആക്രമിച്ചു. ഞായർ രാത്രി 9.30ന് ക്ഷേത്രത്തിന്റെ ഒന്നാംകരയായ ഈരേഴ തെക്ക് കരയുടെ തെക്കേ പോളവിളക്ക് നിർമാണത്തിനിടെയാണ് സംഭവം. ആർഎസ്എസ് നേതൃത്വം നൽകുന്ന അയോധ്യ സംഘടനയിലെ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ഈരേഴ തെക്ക് ഹൈന്ദവകരയോഗം ഭാരവാഹികൾ പറഞ്ഞു.
പോളവിളക്കിന് സമീപം ആയുധങ്ങളുമായെത്തിയ സംഘം പോളവിളക്ക് നശിപ്പിച്ചശേഷം കരയോഗം ഭാരവാഹികളെയും അംഗങ്ങളെയും ആക്രമിക്കുകയായിരുന്നു. കരയോഗം ജോയിന്റ് സെക്രട്ടറി അനീഷ് നിലക്കൽ, കമ്മിറ്റിയംഗം അജിൻ ശ്രീലകം, വിശാഖ് കരാലിൽ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഗോകുൽ കൃഷ്ണൻ, സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം കുമ്പഴ പുത്തൻ വീട്ടിൽ വിജയകുമാർ എന്നിവർക്ക് പരിക്കേറ്റു. ഹൈന്ദവകരയോഗം പ്രവർത്തകരെ രക്ഷിക്കാൻ എത്തിയതായിരുന്നു ഗോകുലും വിജയകുമാറും. കഴുത്തിൽ കിടന്ന സ്വർണമാലകൾ അക്രമികൾ പൊട്ടിച്ചെടുത്തതായി ഗോകുലും അനീഷും പറഞ്ഞു.
അഭിലാഷ് ഓമനശേരിൽ, ബിജു മണക്കാടൻപള്ളി, സുഭാഷ് മലമേൽ, തുഷാർ പുഷ്പത്തടം, അഭിലാഷ് പനാറ, അരവിന്ദാക്ഷൻ പനാറ, വിഷ്ണു വിജയൻ വിജയമന്ദിരം, അഖിൽ ശിവൻ പാണൂർ, പ്രിൻസ് പുതുമംഗലത്ത് എന്നിവർക്കെതിരെ ഹൈന്ദവകരയോഗം പരാതി നൽകി.