കണ്ണൂർ
‘‘ഇരുപത്താറുവർഷത്തെ ഭരണം ദുസ്സഹമാക്കിയ ബിജെപിയോട് ഗുജറാത്തിലെ ജനങ്ങൾക്ക് കടുത്ത രോഷമുണ്ട്. പക്ഷേ, പകരം ആരെ കൊണ്ടുവരും? കോൺഗ്രസിന് വോട്ട് ചെയ്താൽ അവർ നാളെ ബിജെപിയുടെ ഭാഗമാകുന്നു. മൂന്നുവർഷത്തിനിടെ 24 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. സ്വന്തം അസ്തിത്വം കളയുകയാണ് കോൺഗ്രസ്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യാൻ കോൺഗ്രസിനാകുന്നില്ല. എതിർശബ്ദംപോലും ഉയരാത്തവിധം അടിച്ചമർത്തിയാണ് ബിജെപി ഭരണം.’’–- സിപിഐ എം പാർടി കോൺഗ്രസിനെത്തിയ ഗുജറാത്ത് പ്രതിനിധിസംഘം പങ്കുവച്ചത് ‘നരേന്ദ്ര മോദിയുടെ സ്വന്തം’ ഗുജറാത്തിന്റെ പൊള്ളുന്ന ചിത്രം.
കേന്ദ്ര കമ്മിറ്റി അംഗം അരുൺമേത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കൾ പുലർച്ചെ കണ്ണൂരിൽ എത്തിയത്. ലൗ ജിഹാദ്, പശുരക്ഷാ നിയമങ്ങൾ, മുട്ടവ്യാപാരം തടയുന്നതുപോലുള്ള തീരുമാനങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. കുറെയെങ്കിലും പ്രതികരിക്കുന്നത് ഇടതുപക്ഷമാണ്. രാജ്കോട്ട്, സബർഘട്ട, അർവള്ളി മേഖലകളിൽ കർഷകരുടെ പ്രശ്നത്തിൽ ശക്തമായ പ്രക്ഷോഭം നടത്താൻ സിപിഐ എമ്മിന് കഴിഞ്ഞു. കടല, പരുത്തി കൃഷിക്കാരെ അവഗണിച്ച് വൻകിടക്കാർക്ക് സഹായം ചെയ്യുകയാണ് സർക്കാർ. അടിസ്ഥാനവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് ശക്തമായ ജനപിന്തുണ കിട്ടിയെന്ന് മലയാളികൂടിയായ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം രാമചന്ദ്രൻ പറഞ്ഞു.
തൃശൂർ സ്വദേശിയായ അദ്ദേഹം ഖാദി ഗ്രാമോദ്യോഗ് പ്രവർത്തനത്തിനാണ് ഗുജറാത്തിലെത്തിയത്. യൂണിയൻ പ്രവർത്തനം ആരോപിച്ച് പുറത്താക്കി. അരനൂറ്റാണ്ടായി രാജ്കോട്ട് കേന്ദ്രീകരിച്ച് സിപിഐ എമ്മിൽ പ്രവർത്തിക്കുന്നു. നളിനി ജഡേജ, പുരുഷോത്തം ഖർമാർ, ദയാഭായ് ഗജ്റ, ബിസാന്ത് ജംനാഗഡ, ദയാഭായ് ജാദവ് എന്നിവരും പ്രതിനിധിസംഘത്തിലുണ്ട്.