കണ്ണൂർ
സ്വപ്നം കണ്ട വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് 23 കുടുംബങ്ങൾ. സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ ഭാഗമായാണ് 23 വീട് നിർമിച്ചുനൽകിയത്. സിപിഐ എമ്മിന്റെ കരുതലിൽ പുതുജീവിതം തുടങ്ങിയ ആഹ്ലാദം ഓരോ വീട്ടിലും അലതല്ലി.
പയ്യാമ്പലം കുനിയിൽപാലത്ത് ശ്രീലക്ഷ്മിയുടെ വീട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൈമാറി. കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്ത മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. കെ പി സഹദേവൻ, കെ വി സുമേഷ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, സിപിഐ എം ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവർ പങ്കെടുത്തു. ഒ കെ വിനീഷ് സ്വാഗതം പറഞ്ഞു.
വീൽചെയറിലായ മകനൊപ്പം സ്വപ്നവീട്ടിൽ ചേക്കേറിയ ആഹ്ലാദത്തിലാണ് കുടിയാന്മലക്കാരി പി കെ യശോദ. പോളിയോ ബാധിച്ച് കൈയ്ക്ക് സ്വാധീന കുറവുള്ള വലിയപറമ്പിലെ രാജേഷ് പെയിന്റിങ് ജോലി ചെയ്താണ് ജീവിതം മുന്നോട്ടുനീക്കിയത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ അരയ്ക്ക് കീഴോട്ട് ചലനശേഷിയും നഷ്ടപ്പെട്ടു. 18 വർഷമായി വീൽചെയറിൽ കഴിയുന്ന രാജേഷ് അച്ചാർ ഉണ്ടാക്കി വിൽക്കുകയാണ്. സ്വന്തമായൊരു വീട് സ്വപ്നംമാത്രമായി തുടരവെയാണ് സിപിഐ എമ്മിന്റെ ഇടപെടൽ ഉണ്ടായത്. വീൽചെയറിൽ വീടിന്റെ അകത്തളത്തിലൂടെ സഞ്ചരിക്കാൻ പറ്റാവുന്ന രീതിയിലാണ് രൂപകൽപന.
ഭർത്താവ് ഉപേക്ഷിച്ച മരുതായി മേറ്റടിയിലെ കെ കെ അജിതയ്ക്കും രണ്ടു മക്കൾക്കും പാർടി തണലാകുകയായിരുന്നു. 23 വയസുള്ള ജിഷ്ണുവും 20 വയസുള്ള അശ്വിനും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്തവരാണ്. അജിതയുടെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതോടെ കാലപ്പഴക്കം ചെന്ന വീടും നാമാവശേഷമായി.
നഗരസഭയുടെ പിഎംഎവൈ പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സഹായത്തിനാരുമുണ്ടായില്ല. അതിനാൽ പാർടി മുൻകൈയെടുത്ത് പിഎംഎവൈയിൽ അനുവദിച്ച നാലുലക്ഷം ഉൾപ്പെടെ എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് വീട് പൂർത്തിയാക്കിയത്. ഇതുപോലെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിരവധിപേരെയാണ് സിപിഐ എം ചേർത്തുനിർത്തുന്നത്.