തിരുവനന്തപുരം
ജപ്തിയിലൂടെ പാവങ്ങളെ തെരുവിലിറക്കുന്നതല്ല സർക്കാർ നയമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകൾക്ക് നിർദേശവും നൽകിയിരുന്നു. ജപ്തി സാഹചര്യത്തിൽ കുടിശ്ശികക്കാരന് താമസിക്കാൻ ഇടം ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
മൂവാറ്റുപുഴ അർബൻ സഹകരണ സംഘത്തിലുണ്ടായ സംഭവത്തിൽ ജേയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് തേടി. ഇവിടെ ഭരണകാര്യങ്ങളിൽ മാത്രമേ കോ–-ഓപ്പറേറ്റീവ് രജിസ്ട്രാർക്ക് ചുമതലയുള്ളൂ. ബാങ്കിങ് ഇടപാട് റിസർവ് ബാങ്കാണ് നിയന്ത്രിക്കുന്നത്. ഈ നിർദേശമനുസരിച്ച് സർഫാസി നിയമം ബാധകമാക്കിയായിരുന്നു നടപടി. പലതവണ നിയമപരമായി അറിയിപ്പ് നൽകാൻ ശ്രമിച്ചിട്ടും വായ്പക്കാരനെ ബന്ധപ്പെടാനായില്ല. തുടർന്നാണ് ഉദ്യോഗസ്ഥ നടപടി. വായ്പക്കാരൻ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾത്തന്നെ താക്കോൽ മടക്കി നൽകാൻ നിർദേശം നൽകിയെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.