ഇസ്ലാമാബാദ്
രാഷ്ട്രീയപ്രതിസന്ധി തുടരുന്ന പാകിസ്ഥാനില്‍ കാവൽ പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ പേര് നിര്‍ദേശിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പേര് നിർദേശിക്കാൻ പ്രസിഡന്റ് ആരിഫ് അൽവി ആവശ്യപ്പെട്ട പ്രകാരമാണിത്. കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കുംവരെ ഇമ്രാൻ ഖാൻ സ്ഥാനത്ത് തുടരുമെന്ന് പ്രസിഡന്റ് ആരിഫ് അൽവി അറിയിച്ചു. ഭരണഘടനയുടെ 224 എ (4) അനുച്ഛേദം അനുസരിച്ച് കാവൽ പ്രധാനമന്ത്രിയെ നിയമിക്കുന്നതുവരെ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടരുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
കാവൽ പ്രധാനമന്ത്രിയെ നിർദേശിക്കാൻ ഇമ്രാൻ ഖാൻ പ്രതിപക്ഷ നേതാവായിരുന്ന ഷെഹ്ബാസ് ഷെറീഫിനും ആരിഫ് അൽവി കത്ത് നൽകിയിരുന്നു. ഭരണഘടനയനുസരിച്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ടതായും കത്തിലുണ്ട്. എന്നാല്‍ ഇമ്രാനും പ്രസിഡന്റും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും കാവല്‍ പ്രധാനമന്ത്രിയെ നിര്‍ദേശിക്കില്ലെന്നും ഷെഹ്ബാസ് ഷെറീഫ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച പാകിസ്ഥാൻ തെഹ്രീകി ഇൻസാഫ് പാർടി യോഗം ചേരും. അതിനിടെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഭരണഘടനാപ്രശ്നത്തിൽ സുപ്രീം കോടതിയിൽ വാദം തുടരുകയാണ്.