കൊച്ചി> സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ വി തോമസ്. അനുമതി തേടി കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുളള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് കെ വി തോമസും ആഗ്രഹം പ്രകടിപ്പിച്ചത്.
ദേശീയതലത്തില്‍ ബിജെപി ഇതര സഖ്യം രൂപപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനും തനിക്കും എതിരെ എടുക്കുന്ന നിലപാട് സ്വാഭാവികമാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ വി തോമസ് നിലപാടറിയിച്ചതോടെ സംസ്ഥാന നേതാക്കളും രംഗത്തെത്തി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന് പ്രതികരിച്ചു.ശശി തരൂരും കെ വി തോമസും സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും വ്യക്തമാക്കി