സാൻജോസ് > കോസ്റ്റാ റിക്കയുടെ പുതിയ പ്രസിഡന്റായി സോഷ്യൽ ഡെമോക്രാറ്റിക് പ്രോഗ്രസ് പാർടിയുടെ റോഡ്രിഗോ ഷാവേസ് തെരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ നാഷണൽ ലിബറേഷൻ പാർടിയുടെ ജോസ് മരിയ ഫിഗറസിനെ പരാജയപ്പെടുത്തിയാണ് നേട്ടം കരസ്ഥമാക്കിയത്. 2022-2026 കാലഘട്ടത്തേയ്ക്കുള്ള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാവേസ് മെയ് 8 ന് അധികാരമേൽക്കും.
ഫെബ്രുവരിയിൽ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ഫിഗറസിനോട് ഏറ്റുമുട്ടി രണ്ടാം സ്ഥാനത്തെത്തിയതിന് ശേഷം അപ്രതീക്ഷിതമായാണ് ഈ വിജയം. ലോകബാങ്കിന്റെ മുൻ ഉദ്യോഗസ്ഥനാണ് അറുപതുകാരനായ ഷാവേസ്. ഫിഗറസ് 1994-98 കാലഘട്ടത്തിൽ കോസ്റ്റാ റിക്കയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
വളർന്നുവരുന്ന സാമൂഹിക അസംതൃപ്തിയും വർദ്ധിച്ചുവരുന്ന ദേശീയ കടവും കൊണ്ട് പൊറുതിമുട്ടുന്ന മധ്യ അമേരിക്കൻ രാജ്യമാണ് കോസ്റ്റാ റിക്ക. സമ്പന്നരാഷ്ട്രമാണെങ്കിലും വർദ്ധിച്ചുവരുന്ന വരുമാന അസമത്വം കോസ്റ്റാറിക്കയെ ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നു, തൊഴിലില്ലായ്മ ഏകദേശം 15% ആണ്. ഇരുപാർടികളോടും പ്രത്യേക മമതയില്ലാത്തതിനാൽ നിരവധിയാളുകൾ വോട്ടിംഗിൽ നിന്നും വിട്ടുനിന്നു. 57.33 ആണ് പോളിംഗ് ശതമാനം.
ഇരുപാർട്ടികളും നിയോ ലിബറലിസത്തിന്റെ വക്താക്കളും ചൂഷകരുമായതിനാൽ വ്യക്തികൾ മാറുന്നു എന്നതിനപ്പുറം ഗുണപരമായൊന്നും സംഭവിക്കാനില്ലെന്ന് കോസ്റ്റാ റിക്ക യിലെ കമ്മ്യൂണിസ്റ്റ് പാർടിയായ ദ പോപുലർ വാൻഗാഡ് പാർടി പറയുന്നു. അതുകൊണ്ട് തന്നെ ഇലക്ഷൻ ബഹിഷ്ക്കരിക്കാനായിരുന്നു പാർടി നിർദ്ദേശം.