തിരുവനന്തപുരം
വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ തുടരുന്ന അനാസ്ഥ കാരണം രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക്. വൈദ്യുതിവില നിയന്ത്രിക്കാൻ പവർ എക്സ്ചേഞ്ചിൽ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷൻ ഇടപെട്ടതോടെയാണ് ഊർജമേഖലയിലെ ഗുരുതര സാഹചര്യം പുറത്തായത്. പവർ എക്സ്ചേഞ്ചിലെ ഉയർന്നനിരക്ക് 12 രൂപയായി നിശ്ചയിച്ച് കേന്ദ്ര കമീഷൻ ഉത്തരവായി. രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ സാഹചര്യത്തിന് തെളിവാണ് കമീഷൻ ഉത്തരവ്. പത്തു വർഷത്തിനുശേഷമാണ് ഇത്തരമൊരു ഇടപെടൽ.
രാജ്യത്ത് ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി ഉൽപ്പാദനം ഇല്ലെന്നാണ് കമീഷൻ കണ്ടെത്തൽ. ലഭ്യമായ വൈദ്യുതിയുടെ ഇരട്ടിയിലേറെ ആവശ്യകതയുണ്ട്. ഉയർന്ന ചൂടും കോവിഡ് ഇളവിനെത്തുടർന്ന് വാണിജ്യ, വ്യവസായ മേഖലകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതും വൈദ്യുതി ഉപയോഗം കൂടാനിടയാക്കി. ആവശ്യകത കൂടിയതോടെ പവർ എക്സ്ചേഞ്ച് വഴി വിൽക്കുന്ന വൈദ്യുതിവില കുതിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പവർ എക്സ്ചേഞ്ചിൽ 31 തവണ യൂണിറ്റിന് 20 രൂപ നിരക്കിൽ കച്ചവടം നടന്നതായി കണ്ടെത്തി. മാർച്ച് 25ന് ശരാശരിനിരക്ക് യൂണിറ്റിന് 18.67 രൂപയായി. ഇതേത്തുടർന്നാണ് പവർ എക്സ്ചേഞ്ച് വഴി വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള വൈദ്യുതിയുടെ നിരക്ക് യൂണിറ്റിന് പരമാവധി 12 രൂപയായി നിശ്ചയിച്ച് ഉത്തരവിറക്കിയത്. നിൽക്കക്കള്ളിയില്ലാതെ വില നിയന്ത്രിക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്രസർക്കാർ കമീഷനെ സമീപിച്ചിരുന്നു.
അഞ്ചു വർഷത്തിനകം താപവൈദ്യുത നിലയങ്ങളുടെ ശേഷി 49,800 മെഗാവാട്ട് വർധിപ്പിക്കണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. എന്നാൽ, 18,900 മെഗാവാട്ട് മാത്രമാണ് വർധിച്ചത്. ആറുമാസംമുമ്പ് കൽക്കരി പ്രതിസന്ധി ഉണ്ടായപ്പോൾ കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത തെളിഞ്ഞിരുന്നു.