തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾക്ക് വെളിച്ചംപകർന്ന് കായംകുളത്ത് ഫ്ളോട്ടിങ് സോളാർ പദ്ധതി യാഥാർഥ്യമായി. കായംകുളത്തെ എൻടിപിസിയുടെ നിലയത്തിനു സമീപം കായൽപ്പരപ്പിലാണ് ഫ്ളോട്ടിങ് സോളാർ. എൻടിപിസിയുമായി സഹകരിച്ച് 92 മെഗാവാട്ടിന്റേതാണ് പദ്ധതി. 22 മെഗാവാട്ടിന്റെ ആദ്യഘട്ടം പൂർത്തിയാക്കി ഉൽപ്പാദനം ആരംഭിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സൗരോർജ പദ്ധതികൾ വികസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എൻടിപിസി ചെയർമാനും കെഎസ്ഇബി ചെയർമാനും ധാരണപത്രം ഒപ്പിട്ടിരുന്നു. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞനിരക്കിൽ കെഎസ്ഇബിക്ക് നൽകുമെന്നാണ് വ്യവസ്ഥ.
ആദ്യഘട്ടം പൂർത്തിയായതോടെ വൈദ്യുതി കെഎസ്ഇബിക്ക് നൽകിത്തുടങ്ങി. ശേഷിക്കുന്ന 70 മെഗാവാട്ടിന്റെ പ്രവർത്തനങ്ങൾ മേയ് മാസത്തോടെ പൂർത്തിയാക്കും. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ നിലയങ്ങളിൽ രണ്ടാമതെന്ന നേട്ടവും കായംകുളം കൈവരിക്കും. 100 മെഗാവാട്ട് ശേഷിയുള്ള ആന്ധ്രയിലെ രാമഗുണ്ടത്താണ് രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പദ്ധതി.