കൊച്ചി
ഐഎൻടിയുസിയും കോൺഗ്രസും പൊക്കിൾക്കൊടി ബന്ധമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും ഐഎൻടിയുസി മറ്റ് ജനാധിപത്യ സംഘടനകളുമായി കൈകോർത്ത് സമരം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിയെയും പണിമുടക്കിനെയും തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ നിലപാടിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കെ വി തോമസ് രംഗത്തുവന്നത്. കേന്ദ്രമന്ത്രിയും ഐഎൻടിയുസി അഖിലേന്ത്യാ ട്രഷററും സംസ്ഥാന പ്രസിഡന്റുമായിരുന്ന സി എം സ്റ്റീഫൻ, കോൺഗ്രസ്––ഐഎൻടിയുസി ബന്ധത്തെ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെന്ന് കെ വി തോമസ് പറഞ്ഞു.
ഐഎൻടിയുസിയുടെ ദേശീയ സമ്മേളനത്തിൽ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന അല്ലെന്ന വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഐഎൻടിയുസി പോഷക സംഘടന ആണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.