തൃശൂർ/ പാലക്കാട്/ മലപ്പുറം/ കണ്ണൂർ
മാനവമോചനത്തിന്റെ നിണം പടർന്ന ചെങ്കൊടിയെ ഹൃദയത്തിലേറ്റുവാങ്ങി സാംസ്കാരിക നാട്. കൊടുമുടിപ്പൊക്കത്തിൽ ആവേശവും ആർപ്പുവിളിയുമായി ജനസഞ്ചയ നടുവിലൂടെ സിപിഐ എം 23––ാം പാർടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള പതാക തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രയാണത്തിന് ശേഷം മലപ്പുറത്ത് പ്രവേശിച്ചു .
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി -അംഗം സി ബി ചന്ദ്രബാബു മാനേജരുമായ പതാക ജാഥ ഞായർ രാവിലെ എട്ടരയോടെ വടക്കാഞ്ചേരിയിൽ നിന്നും പ്രയാണം ആരംഭിച്ചു. പത്തോടെ ചെറുതുരുത്തി പാലത്തിലെത്തി. ജില്ലാ അതിർത്തിയിൽ ജാഥാക്യാപ്റ്റനിൽ നിന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പതാക ഏറ്റുവാങ്ങി. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ജാഥയെ സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ എന്നിവരും സ്വീകരണകേന്ദ്രത്തിലെത്തി. പാലക്കാട് ജില്ലയിൽ ആവേശോജ്വല വരവേൽപ്പാണ് ജാഥയ്ക്ക് ലഭിച്ചത്. വെടിക്കെട്ടും മുത്തുക്കുടയും തിറയും വാദ്യങ്ങളും കണ്ണിചേർന്നതോടെ വരവേൽപ്പ് ആവേശഭരിതം. ജില്ലാ ഏറ്റുവാങ്ങിയ പതാക അത്ലീറ്റ് ക്യാപ്റ്റൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം ശശിക്ക് കൈമാറി.
നൂറോളം അത്ലീറ്റുകളുടെ അകമ്പടിയോടെയാണ് പാലക്കാട് പ്രയാണം തുടങ്ങിയത്. കുളപ്പുള്ളി വഴി ചെർപ്പുളശേരിയിലേക്കും അവിടെനിന്ന് തൂതപ്പാലത്തിലേക്കും. തൂതയിലെത്തിയ ജാഥയെ മലപ്പുറം ജില്ലയിലേക്ക് ആയിരങ്ങൾ ചേർന്നാണ് വരവേറ്റത്. തൂത പാലത്തിൽവച്ച് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പതാക ഏറ്റുവാങ്ങി. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണൻ, പി നന്ദകുമാർ എംഎൽഎ എന്നിവർ പങ്കെടുത്തു. ചെണ്ടമേളവും കലാരൂപങ്ങളുമായി നഗരം ജാഥയ്ക്ക് ആവേശത്തിടമ്പേറ്റി. ആദ്യദിന പര്യടനം മലപ്പുറം ടൗണിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. തിങ്കളാഴ്ച രാവിലെ പ്രയാണം തുടരുന്ന ജാഥ പകൽ 11ന് ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിലെത്തും. തുടർന്ന് കോഴിക്കോടേയ്ക്ക്.